അട്ടപ്പാടിയില്‍ ആദിവാസി യുവതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്‍റെ പിടിയിലായി. അഗളി അസിസ്റ്റന്‍റ് വില്ലേജ് ഓഫീസര്‍ സി എച്ച് നിസാം ആണ് 3000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലായത്. പണം നല്‍കിയില്ലെങ്കില്‍ ശാരീരികമായി ചൂഷണം ചെയ്യുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കനത്ത മഴയിലും കാറ്റിലും, വീട് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ഭൂതവഴി ഊരുവാസിയായ യുവതി, നഷ്‍ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തിയത്. അടുത്ത ദിവസം അസിസ്റ്റന്‍റ് വില്ലേജ് ഓഫീസറായ സി എച്ച് നിസാം ഇവരെ ഫോണില്‍ വിളിച്ച്, വീട് വീണത് പരിശോധിക്കാനെത്തും എന്നറിയിച്ചു. പരിശോധനയ്ക്ക് എത്തിയ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ വളരെ മോശമായി സംസാരിച്ചതായും അഞ്ഞൂറ് രൂപ വാങ്ങിയതായും ഇവര്‍ പറയുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതായും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
മൂവായിരം രൂപയെങ്കിലും വേണമെന്നും ഇല്ലെങ്കില്‍ ശാരീരികമായി ചൂഷണം ചെയ്യുമെന്നുമുള്ള ഉദ്യോഗസ്ഥന്‍റെ ഭീഷണി സഹിക്കാനാവാതെയാണ് യുവതി വിജിലന്‍സ് ഓഫീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം യുവതി അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയും പിന്നാലെ വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് അട്ടപ്പാടിയിലാകെ വീടുകള്‍ക്കും കൃഷിക്കും നാശം സംഭവിച്ച സാഹചര്യത്തില്‍ നിരവധി അപേക്ഷകളാണ് വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെ വളരെ ഗുരുതരമായാണ് കാണുന്നതെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
