അഞ്ച് സംസ്ഥാനങ്ങളില്‍ 3 ഇടത്ത് ദേശീയ ഭരണകക്ഷി ബിജെപിയും, മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മത്സരം നടക്കുന്നത്. ഇതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്നാണ് സര്‍വേ പറയുന്നത്

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അ‍ഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമന്ന് സി-വോട്ടര്‍ സര്‍വേ. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊതുതെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ഇതില്‍ ചത്തീസ്ഗഢിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12ന് നടന്നിരുന്നു അവിടെ 76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 

അഞ്ച് സംസ്ഥാനങ്ങളില്‍ 3 ഇടത്ത് ദേശീയ ഭരണകക്ഷി ബിജെപിയും, മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മത്സരം നടക്കുന്നത്. ഇതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്നാണ് സര്‍വേ പറയുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കും എന്നാണ് സര്‍വേ പറയുന്നത്. 

ഇപ്പോള്‍ രാജസ്ഥാന്‍ ഭരിക്കുന്ന ബിജെപിക്ക് 39.7 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും എന്നാണ് സര്‍വേ പറയുന്നു. ഇതേ സമയം കോണ്‍ഗ്രസ് 47.9 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും എന്നാണ് സി-വോട്ടര്‍ സര്‍വേ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സച്ചിന്‍ പൈലറ്റിന് 38.7 ശതമാനം പേരുടെ പിന്തുണയുണ്ടെന്നാണ് സര്‍വേ പറയുന്നത്. നിലവിലെ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയ്ക്ക് 22.7 ശതമാനം പേരുടെ പിന്തുണയെ ഉള്ളുവെന്നാണ് സര്‍വേ പറയുന്നത്.

എന്നാല്‍ മധ്യപ്രദേശില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ഉണ്ടെന്നും സി-വോട്ടര്‍ സര്‍വേ പറയുന്നു. നിലവിലെ ഭരണകക്ഷി ബിജെപിക്ക് 41.5 ശതമാനം വോട്ട് ലഭിക്കുമ്പോള്‍. കോണ്‍ഗ്രസിന് 42.3 ശതമാനം വോട്ട് ലഭിക്കും. നിലവിലെ മുഖ്യന്‍ ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ 37.4 ശതമാനമാണെന്നും, എന്നാല്‍ കോണ്‍ഗ്രസിന്‍റെ ജ്യോതിരാഥിത്യ സിന്ധ്യ മുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നവര്‍ 41.6 ശതമാനമാണെന്ന് പറയുന്നു.

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്നാണ് സര്‍വേ പറയുന്നത്. ബിജെപി വോട്ട് ഷെയര്‍ -41.6 ശതമാനം, കോണ്‍ഗ്രസ് വോട്ട് ഷെയര്‍ -42.2 ശതമാനം എന്നിങ്ങനെയാണ് സര്‍വേ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ 36.2 ശതമാനം ഇപ്പോഴും ബിജെപിയുടെ രമണ്‍ സിംഗിനെ പിന്തുണയ്ക്കുന്നു എന്നാണ് സര്‍വേ പറയുന്നു.

തെലുങ്കാനയില്‍ കോണ്‍ഗ്രസ് ടിഡിപി സഖ്യത്തിന് മുന്‍തൂക്കം ലഭിക്കും എന്നാണ് സി-വോട്ടര്‍ സര്‍വേ പറയുന്നത്. ഈ സഖ്യത്തിന് 33.9 ശതമാനം വോട്ട് ലഭിക്കുമ്പോള്‍. ഭരണകക്ഷിയായ ടിആര്‍എസിന് 29.4 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും. ബിജെപിക്ക് 13.5 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും എന്ന് സര്‍വേ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 42.9 ശതമാനം പേരും പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയാണ്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും എന്നാണ് സര്‍വേ പറയുന്നത്. അവിടെ മിസോ നാഷണല്‍ ഫ്രണ്ടിനായിരിക്കും മുന്‍തൂക്കം ലഭിക്കുക.