തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ അക്രമങ്ങളെ ചെറുക്കാന്‍ സൈബര്‍ഡോമിന്റെ പുത്തന്‍ പദ്ധതികള്‍. യുവാക്കളെയും ടെക്കികളെയും ഉള്‍പ്പെടുത്തി സൈബര്‍ സംഘം വിപുലീകരിക്കുന്നു. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി അത്യാധുനിക ലാബ് തുറക്കും. തിരുവനന്തപുരം ടെക്ക്നോപാര്‍ക്കിലുള്ള സൈബര്‍ ഡോം കേന്ദ്രത്തിലാണ് പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്.
രാജ്യത്തിനക്കും വിദേശത്ത് നിന്നുമടക്കം ഓരോ നിമിഷവും നടക്കുന്ന സൈബര്‍ അക്രമങ്ങളെ നിരീക്ഷിക്കുന്ന സെല്‍ നടത്തിയ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കുമെല്ലാം ശേഷമാണ് സംഘം വിപുലീകരിക്കാന്‍ സൈബര്‍ ഡോം തയ്യാറായിരിക്കുന്നത്. കുട്ടികള്‍ക്ക് എതിരായ ലൈംഗിക ചൂഷണങ്ങള്‍, ഓണ്‍ലൈന്‍ പെണ്‍വാണിഭം, എടിഎം തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നൂതന സാങ്കേതി മാര്‍ഗങ്ങളാണ് സൈബര്‍ ഡോം ആവിഷ്കരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ നിന്നുള്ള കുട്ടികളെയും ടെക്കികളെയും പദ്ധതിയില്‍ ഭാഗമാണ്. ബാങ്കുകകള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളെ സൈബര്‍ ഡോമിന് കീഴില്‍ അണിനിരത്തി കൊണ്ടുള്ള കൂടുതല്‍ സുരക്ഷ ക്രമീകരങ്ങള്‍ നടപ്പാക്കാനും സൈബര്‍ ഡോമിന് ആലോചനയുണ്ട്.
