Asianet News MalayalamAsianet News Malayalam

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ വാഗ്ദാനം; യുവതിയിൽ നിന്ന്​ തട്ടിയത്​ എട്ടര ലക്ഷം

Cyber groom dupes woman of Rs 8 lakh
Author
First Published Jan 21, 2018, 10:42 AM IST

ദില്ലി: വിവാഹ വെബ്​സൈറ്റിൽ പരിചയത്തിലായ യുവതിയിൽ നിന്ന്​ വിവാഹ വാഗ്ദാനം നൽകി 8.48 ലക്ഷം രൂപ തട്ടിയെടുത്തു. കിഴക്കൻ ദില്ലിയിലെ മധുവിഹാർ സ്വദേശിനിയായ 32കാരിയാണ്​ സൈബർ തട്ടിപ്പിനിരയായത്​. ഇവർ കഴിഞ്ഞ ഡിസംബറിൽ പ്രമുഖ വിവാഹ വെബ്​സൈറ്റിൽ പ്രൊഫൈൽ രജിസ്​റ്റർ ചെയ്​തിരുന്നു.

രാജേഷ്​ അഹൂജ എന്ന്​ പരിചയപ്പെടുത്തിയയാളിൽ നിന്ന്​ യുവതിയുടെ പ്രൊഫൈലിൽ അപേക്ഷ ലഭിച്ചു. മുംബൈ സ്വദേശിയാണെന്നും സിറിയയിൽ ദന്ത ഡോക്ടറായി ജോലി ചെയ്യുകയാണെന്നും പരിചയപ്പെടുത്തിയാണ്​ ഇയാൾ അപേക്ഷിച്ചത്​.   ഇരുവരുടെയും സംസാരം വൈകാതെ വാട്​സാപ്പിലേക്ക്​ മാറി. തന്നെ സിറിയയിലെ യു.എൻ ഡോക്​ടർമാരുടെ സംഘത്തി​ൽ ആറ്​ ആഴ്​ചത്തെ ജോലിക്കായി നിയമിച്ചതായും തിരികെ വന്നിട്ട്​ വിവാഹം ചെയ്യാമെന്നും ഇയാൾ യുവതിക്ക്​ വാഗ്​ദാനം നൽകി. 

ഒരാഴ്​ചക്ക്​ ശേഷം അഹൂജ യുവതിയെ വിളിക്കുകയും അവൾക്കായി ഒരു മോതിരം വാങ്ങിയതായും അറിയിച്ചു. അത്​ സ്വീകരിക്കാൻ യുവതി വിസമ്മതിച്ചു. എന്നാൽ അത്​ സിറിയയിൽ നഷ്​ടപ്പെടുമെന്ന ഭയം പറഞ്ഞ അഹൂജ താൻ ഇന്ത്യയിലേക്ക്​ തിരിച്ചുവരുന്നത്​ വരെ സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. യുവതി ദില്ലിയിൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയു​ടെ വിലാസം പാർസൽ അയക്കാനായി നൽകി. പിന്നീട്​ ഒരു കൊറിയർ കമ്പനിയിൽ നിന്ന്​ യുവതിക്ക്​ ഇ.മെയിൽ സന്ദേശം ലഭിച്ചു.

52000 ഡോളർ വിലമതിക്കുന്ന മോതിരം പാർസൽ ആയിവന്നിട്ടുണ്ടെന്നും കസ്​റ്റംസ്​ ഡ്യൂട്ടിയായി 58000 രൂപ അടയ്​ക്കണമെന്നും നിർദേശിച്ചു. യുവതി ആരോപണ വിധേയ​ന്‍റെ അക്കൗണ്ടിലേക്ക്​ തുക കൈമാറി. ഇതിന്​ ശേഷം സെക്യൂരിറ്റി തുകയായി 798000 രൂപ അടക്കണമെന്നും ഇത്​ രണ്ട്​ ദിവസം കൊണ്ട്​ തിരികെ ലഭിക്കുമെന്നും പറഞ്ഞു.

ആദ്യം മടിച്ചുനിന്ന യുവതി ത​ന്‍റെ കൈയിൽ അത്രയും തുകയില്ലെന്ന്​ പറഞ്ഞു. ഒരു ലക്ഷം രൂപ താൻ അടക്കാമെന്നും ബാക്കി തുക അടക്കാനും തട്ടിപ്പ്​ നടത്തിയവൻ യുവതിയോട്​ പറഞ്ഞു. ഇതെ തുടർന്ന്​ യുവതി കുടുംബാംഗങ്ങളിൽ നിന്ന്​ പണം വാങ്ങി തട്ടിപ്പുനടത്തിയവ​ന്‍റെ അക്കൗണ്ടിലേക്ക്​ കൈമാറി. തുടർന്ന്​ 3.98 ലക്ഷം രൂപ ഭീകരവിരുദ്ധ വകുപ്പിൽ നിന്ന്​  ക്ലിയറൻസ്​ സർട്ടിഫിക്കറ്റിനായി നൽകണമെന്ന്​ പറഞ്ഞ്​ മെയിൽ ലഭിച്ചതോടെ യുവതിക്ക്​ സംശയമായി.

പിന്നീട്​ മുംബൈയിലെ കസ്​റ്റംസിൽ നിന്ന്​ എന്ന്​ പരിചയപ്പെടുത്തിയ യുവതി വിളിച്ച്​ പണം അടക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ്​ യുവതി പൊലീസിനെ സമീപിച്ചത്​. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തതായി  ഡി.സി.പി (ഇൗസ്​റ്റ്​ ) ഒാംവീർ സിങ്​ ബിഷ്​ണോയ്​ പറഞ്ഞു. മാട്രിമോണിയൽ വെബ്​സൈറ്റിനായി ഉപയോഗിച്ച വിവരങ്ങളും ഫോൺ നമ്പറുകളും ഇ.മെയിൽ ​ഐ.ഡികളും പൊലീസ്​ പരിശോധിച്ചുവരികയാണ്​. 
 

Follow Us:
Download App:
  • android
  • ios