മെകുനു ചുഴലിക്കാറ്റില്‍  സലാലയിലെ കൃഷിയിടങ്ങള്‍ തകര്‍ന്ന് മലയാളി കര്‍ഷകര്‍ക്ക് ആയിരക്കണക്കിന്  ഒമാനി   റിയാലിന്‍റെ സാമ്പത്തിക നഷ്ടം

സലാല: വെള്ളിയാഴ്ച ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റില്‍ സലാലയിലെ കൃഷിയിടങ്ങള്‍ തകര്‍ന്ന് മലയാളി കര്‍ഷകര്‍ക്ക് ആയിരക്കണക്കിന് ഒമാനി റിയാലിന്‍റെ സാമ്പത്തിക നഷ്ടം. ഗള്‍ഫ് മേഖലയിലേക്കുള്ള പഴം, പച്ചകറി കയറ്റുമതിയെയും ഇത് സാരമായി ബാധിച്ചു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പുനരധിവാസ പ്രവർത്തങ്ങൾ പുരോഗമിച്ചു വരുന്നു . 

സലാലയിൽ ആയിരത്തിലധികം പ്രവാസി മലയാളികൾ ആണ് കൃഷി മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. നാല് മാസത്തോളം നീണ്ടു നിൽക്കുന്ന ഖരീഫ് കാലാവസ്ഥ അടുത്ത മാസം തുടങ്ങുവാൻ ഇരിക്കെയാണ് ചുഴലിക്കാറ്റ് സലാലയിൽ ആഞ്ഞടിച്ചത്‌ .

ധരാളം സന്ദർശകർ എത്തുന്ന ഖരീഫ് സീസണിൽ ലഭിക്കുന്ന അധിക വരുമാന പ്രതീക്ഷയാണ് ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി മലയാളികൾക്കുള്ളത്. ഒമാൻ സ്വദേശികളിൽ നിന്നും തോട്ടങ്ങൾ പാട്ട കരാറിൽ ഏറ്റെടുത്തു തെങ്ങു വാഴ പപ്പായ പയറ് വെറ്റില തുടങ്ങിയവ കൃഷി ചെയ്തിരുന്ന മലയാളികൾ കനത്ത പ്രതിസന്ധി ഘട്ടത്തിലാണിപ്പോൾ ഉള്ളത് .

മറ്റു ജി സി സി രാജ്യങ്ങളായ യു എ ഇ , സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവടങ്ങളിൽ സലാലയിൽ നിന്നുമുള്ള പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണുള്ളത്. ദിവസവും 100 ടൺലധികം പച്ചക്കറി ഉത്പങ്ങൾ ആണ് സലാലയിൽ നിന്നും കയറ്റി അയക്കുന്നത്. നേരിട്ട ഈ സാമ്പത്തിക നഷ്ടം എങ്ങനെ നികത്തും എന്ന ആശങ്കയിലാണ് സലാലയിലെ കാർഷിക മേഖലയിലെ പ്രവാസിമലയാളികൾ.