ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. രണ്ടു ദിവസമായി ദ്വീപില്‍ കനത്ത നാശം വിതച്ച കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. ഇതിനിടെ കപ്പല്‍ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയവര്‍ക്ക് അടിയന്തര സഹായവുമായി അധികൃതര്‍ രംഗത്തെത്തി
തെക്കന്‍ കേരളത്തില്‍ കനത്ത നാശം വിതച്ച് ഓഖി നേരെ നീങ്ങിയത് ലക്ഷദ്വീപുള്‍പ്പെടുന്ന മേഖലയിലേക്കാണ്. മിക്ക ദ്വീപുകളിലും കഴിഞ്ഞ ദിവസം കനത്ത കാറ്റും കടലാക്രമണവും അനുഭവപ്പെട്ടു. കല്‍പ്പേനിയില്‍ തെങ്ങുകള്‍ കടപുഴകിവീണു. തീരത്തു നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ഒലിച്ചുപോയി. മിനിക്കോയ് ദ്വീപിലും വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്. മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല.
അതേസമയം കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയ ആയിരത്തോളം വരുന്ന ദ്വീപ് നിവാസികളെ കൊച്ചി ജില്ലാ കളക്ടര്‍, ലക്ഷദ്വീപ് എംപി എന്നിവര്‍ ഇന്നലെ രാത്രി ക്യാമ്പില്‍ സന്ദര്‍ശിച്ചു. ചികിത്സ അടക്കമുള്ള ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്ക് എല്ലാ സഹായവും കളക്ടര്‍ വാഗ്ദാനം ചെയ്തു. അതേസമയം ദ്വീപിലെ സ്ഥിതിഗതികള്‍ കേന്ദമന്ത്രി രാജ്‌നാഥ് സിംഗ് ഫോണിലൂടെ വിളിച്ച് വിലയിരുത്തി. പ്രത്യേക സേനയെ ദ്വീപിലേക്കയക്കുന്നതടക്കം എല്ലാ സഹായങ്ങളും രാജ്‌നാഥ് സിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
