വോട്ടെണ്ണൽ നടക്കാനിരിക്കെ തമിഴ്നാട്ടിൽ ചെന്നൈയിലടക്കം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വോട്ടെടുപ്പ് മാറ്റിവച്ച രണ്ടു മണ്ഡങ്ങളിലെ പണം വിതരണത്തെ പറ്റി അന്വേഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഏഴംഗ സമിതിയെ നിയോഗിച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ചെന്നൈയിലെ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ ലൊയോള കോളേജിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ടെങ്കിലും കഴിഞ്ഞ ഡിസംബറിലേതുപോലെ വെള്ളം കയറാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി കളയുന്നു. എന്നാൽ ദുരന്ത നിവാരണ സേനയ്‍ക്കു ചെന്നൈ കോർപ്പറേഷൻ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെന്നൈ തീരത്തിന് 70 കിലോമീറ്റർ ദൂരെുള്ള ന്യൂനമർദ്ദം 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ മഴ കനക്കും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും മഴയിൽ മുങ്ങുമെന്ന് ഉറപ്പായി. അവസാന ഘട്ടത്തിൽ പ്രവചനാതീതമായി മാറിയ തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ കാത്തിരിക്കുന്നവർക്ക് മഴ വെല്ലുവിളിയാകും. എക്സിറ്റ് പോളുകൾ അനുകൂലമായതോടെ ഡിഎംകെ കോൺഗ്രസ് ക്യാമ്പിൽ ആത്മവിശ്വാസം ഏറി. പണം വിതരണം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിയ രണ്ട് മണ്ഡലങ്ങളിലൊന്നായ അരുവാകുറിച്ചിയിൽ ഡിഎംകെ ട്രഷറർ സ്റ്റാലിൻ പ്രചരണം നടത്തുന്നുണ്ട്. എഐഎഡിഎംകെ ക്യാമ്പ് ശാന്തമാണ്.
