വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട് കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കും

മുംബൈ: ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഗുജറാത്തിന്‍റെ തീരങ്ങളില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരുന്ന ന്യൂനമര്‍ദ്ദം ഇപ്പോള്‍ മഹാരാഷ്ട്രയുടെ തീരങ്ങളിലാണ്. കേരളത്തിലേക്കാണ് നിലവില്‍ ഇതിന്‍റെ ദിശ. 

പടിഞ്ഞാറേ ഇന്ത്യയുടെ തീരങ്ങളില്‍ കനത്ത മഴ പെയ്യാന്‍ ഇത് കാരണമാകും. ആദ്യം ഗുജറാത്തിനെയായിരിക്കും ബാധിക്കുകയെന്നും പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് തുടര്‍ദിവസങ്ങളില്‍ മഴ തെക്കന്‍ മേഖലകളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൊങ്കണ്‍, ഗോവ, മറാത്ത്‍വാഡ, കര്‍ണാടക എന്നിവിടങ്ങളിലും മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

മുംബൈയിലെ കനത്ത മഴയ്ക്ക് മുമ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. നാല് പേരാണ് മുംബൈയിലെ മഴക്കെടുതികളില്‍ മരിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടവും വിലയിരുത്തിയിട്ടുണ്ട്.