മുംബൈ : അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ഡി കമ്പനി ഉപയോഗിച്ചിരുന്ന കോഡുവാക്കുകള്‍ പുറത്ത്. ദാവൂദ് ഇബ്രാഹിമിന്റെ ഇളയസഹോദരന്‍ ഇഖ്ബാല്‍ കസ്‌കറെ ചോദ്യം ചെയ്തപ്പോഴാണ് ഡി കമ്പനിയുടെ പുതിയ കോഡ് വാക്കുകള്‍ പൊലീസിന് ലഭിച്ചത്.

മോഡി എന്നാല്‍ ഛോട്ടാ ഷക്കീല്‍ എന്നാണ് ഡി കമ്പനിയുടെ കോഡ് വാക്കിന്‍റെ അര്‍ത്ഥം കറാച്ചിയുടെ കോഡായാണ് ഡല്‍ഹി എന്നുപയോഗിക്കുന്നത്. സംഘതലവന്‍ ദാവൂദ് ഇബ്രാഹിമിനെ വിശേഷിപ്പിച്ചിരുന്നത് ബഡേ എന്ന കോഡ് ഉപയോഗിച്ചാണ്.ഡബ്ബ എന്ന് കോഡ് അര്‍ത്ഥമാക്കുന്നത് പൊലീസ് വാന്‍ എന്നാണെന്നും കസ്‌കര്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഒരു ലക്ഷം രൂപയ്ക്ക് ഏക് ഡബ്ബ എന്ന് നേരത്തെ ഉപയോഗിച്ചിരുന്ന കോഡ് ഏക് പെട്ടി എന്നാക്കി മാറ്റിഒരു കോടി രൂപയ്ക്ക് ഏക് ഖോക എന്നതിന് പകരം ഏക് ബോക്‌സ് എന്നാണ് ഇപ്പോള്‍ കോഡായി ഉപയോഗിക്കുന്നതെന്നും കസ്‌കര്‍ പൊലീസിനോട് പറഞ്ഞു.

മയക്കുമരുന്ന് കടത്ത് അടക്കമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡി കമ്പനി ഈ കോഡുകള്‍ ഉപയോഗിക്കുന്നത്. ദാവൂദ് ഇബ്രാഹിമും സഹോദരന്‍ അനീസ് ഇബ്രാഹിമും പാകിസ്താനിലുണ്ടെന്നും ഇഖ്ബാല്‍ കസ്‌കര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റ് ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ദാവൂദിന്റെ ഇളയ സഹോദരനായ ഇഖ്ബാല്‍ കസ്‌കറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.