സൈനികമായ ഇടപെടലുകള്‍ക്ക് സുപ്രധാനമായ മേല്‍വിലാസമുണ്ടാക്കിയ  ഡെക്കോട്ട വിമാനം സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നല്‍കിയ സംഭാവകള്‍ നിരവധിയാണ്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം അന്നത്തെ ആധുനികമായ സാങ്കേതിക വിദ്യകള്‍ ഏറ്റവും ക്രിയാത്മകമായി ഉള്‍ച്ചേര്‍ത്താണ് ഡെക്കോട്ട രൂപകല്‍പ്പന ചെയ്തത്. അസാധാരണമായ കാലാവസ്ഥയിലൂടെയും സംഘര്‍ഷഭരിതമായ ഭൂമികയിലൂടെയും യാത്ര ചെയ്യുന്നതിന് സാധാരണമായ ഒരു വിമാനത്തിന് സാധ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഡെക്കോട്ട പിറവികൊള്ളുന്നത്.  

ദില്ലി:രണ്ടാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഡെക്കോട്ട വിമാനം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വ്യോമസേനക്ക് സമര്‍പ്പിച്ചു. ഏഴ് പതിറ്റാണ്ടുകാലം ഒട്ടേറെ യുദ്ധങ്ങളില്‍ സജീവമായിരുന്ന ഡെക്കോട്ട വിമാനങ്ങളില്‍ ഒന്ന് വീണ്ടും സജ്ഞമാക്കിയാണ് സേനക്ക് സമര്‍പ്പിച്ചത്. ഇംഗ്ലണ്ടിലെ പണിശാലകളില്‍ ആറുവര്‍ഷം നീണ്ട പുനര്‍നിര്‍മ്മാണ ജോലികള്‍‌ക്ക് ശേഷമാണ് ഡെക്കോട്ടയെ വീണ്ടും ഒരുക്കിയെടുത്തത്. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖരനാണ് ഈ നവീകരണത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പൂര്‍ണ്ണ ഉത്തരവാദിത്തം നിര്‍വ്വഹിച്ചത്.

എം.പി രാജീവ് ചന്ദ്രശേഖരന്‍റെ അച്ഛനും ഏറെക്കാലം ഇന്ത്യന്‍ സേനയുടെ വൈമാനികനുമായിരുന്ന റിട്ട.എയര്‍ കമ്മഡോര്‍ എം.കെ. ചന്ദ്രശേഖരനില്‍ നിന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയാണ് പുതുക്കിയ വിമാനം ഏറ്റുവാങ്ങിയത്. കാശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിര്‍ത്താന്‍ സഹായിച്ച ഡെക്കോട്ട വിമാനത്തോടുള്ള ആദരംകൂടിയാണ് ഇതിന് പിന്നിലെ പ്രചോദനം. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വ്യോമ സേനയ്ക്ക് നവീകരിച്ച ഡെക്കോട്ട സംഭാവന ചെയ്തത്. 

ആ കാലങ്ങളില്‍ സൈനിക മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഡെക്കോട്ട വിമാനങ്ങള്‍ മറ്റ് വിമാനങ്ങളില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ്. 