കൊല്‍ക്കത്ത: ടിബറ്റ് ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല, പകരം വികസനമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ഇടയ്ക്കിടെ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചൈനയും ടിബറ്റും തമ്മില്‍ നല്ല ബന്ധമാണുള്ളത്. കഴിഞ്ഞ കാര്യങ്ങളെ മറക്കാം, ഭാവിയെ കുറിച്ച് ചിന്തിക്കാമെന്നും ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദലൈലാമ പറഞ്ഞു. 

ചൈന ടിബറ്റിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മാനിക്കണം. ഇന്ന് ചൈന ലോകത്തില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ മുമ്പിലാണ്. ടിബറ്റിന്റെ വളര്‍ച്ചയ്ക്കും ചൈന പ്രാധാന്യം നല്‍കണം. പ്രധാന നദികളുടെ ഉത്ഭവ സ്ഥാനമാണ് ടിബറ്റ്. നിരവധി പേര്‍ ഇതിന് ചുറ്റും കഴിഞ്ഞ് വരുന്നുണ്ട്. ടിബറ്റിനെ സംരക്ഷിക്കേണ്ടത് അവിടുത്തുകാരുടെ മാത്രം ആവശ്യമല്ലെന്നും ടിബറ്റ് ചൈനയ്‌ക്കൊപ്പം നില്‍ക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ദലൈലാമ പറഞ്ഞു

ചൈനയോടുള്ള ടിബറ്റിന്റെ മനോഭാവത്തില്‍ മാറ്റം വന്നതായാണ് ഈ പ്രസ്താവനയെ വിലയിരുത്തുന്നത്. ടിബറ്റിന്റെ വളര്‍ച്ചയില്‍ ചൈനയ്ക്ക് താത്പര്യമില്ലെന്നും തങ്ങള്‍ക്ക് ചൈനയില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നുമാണ് വര്‍ഷങ്ങളായി ഇവര്‍ ആവശ്യപ്പെടുന്നത്. 

ദലൈലാമയ്‌ക്കെതിരെ ശക്തമായ നിലപാടാണ് ചൈന സ്വീകരിച്ച് വരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചത് ചൈനയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. നയതന്ത്ര ആയുധമെന്ന നിലയില്‍ ദലൈലാമയെ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശത്തിന് വലിയ വില ഇന്ത്യ നല്‍കേണ്ടി വരുമെന്നും ചൈന അറിയിച്ചിരുന്നു. എന്നാല്‍, ചൈനയുടെ നിലപാട് തള്ളിയ ഇന്ത്യ ലാമയെന്ന കാര്‍ഡ് ഇറക്കി കളിയ്ക്കേണ്ട അവസ്ഥ ഇല്ലെന്ന്് വ്യക്തമാക്കി.