ദളിതുകള്‍ക്കെതിരായ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന ചരിത്രമാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. അംബേദ്കറുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുമായോ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. 


മീററ്റ്: ബിജെപി പ്രവർത്തകർ മാലയിട്ട് ആദരിച്ച അംബേദ്കർ പ്രതിമയെ പാലും ​ഗം​ഗാജലവും ഉപയോ​ഗിച്ച് ശുദ്ധീകരിച്ച് ഉത്തർപ്രദേശിലെ ദളിത് അഭിഭാഷകർ. ബി.ജെ.പി ഉത്തര്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സാല്‍ ആണ് മീററ്റിൽ സ്ഥിതി ചെയ്യുന്ന അംബേദ്കർ പ്രതിമയിൽ മാലയിട്ടത്. ഇയാൾ മാലയിട്ടതോടെ പ്രതിമ അശുദ്ധമായെന്നും അതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നും അഭിഭാഷകർ വിശദീകരണം നൽകി. ആർഎസ്എസിന്റെ രാകേഷ് സിംഹയും പ്രതിമയിൽ മാലയിട്ടിരുന്നു. 

ദളിതുകള്‍ക്കെതിരായ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന ചരിത്രമാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. അംബേദ്കറുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുമായോ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. സ്വന്തം പാർട്ടിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ഇവർ അംബേദ്കറിന്റെ പേര് ഉപയോ​ഗിക്കുന്നത്. ദളിതരെ ഒറ്റപ്പെടുത്തുന്ന നിലപാടുകളാണ് ബിജെപി സ്വീകരിച്ചിട്ടുളളത്. തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചിരുന്ന അംബേദ്കറിന്റെ പേര് ദുരുപയോ​ഗം ചെയ്യാൻ അനുവദിക്കില്ല. അഭിഭാഷകരിലൊരാൾ പറഞ്ഞു

ഉത്തർപ്രദേശിൽ ബിജെപി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെയാണ് സഹാരണ്‍പൂരില്‍ കലാപങ്ങള്‍ ഉണ്ടായതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ചേര്‍ന്ന് ദളിതര്‍ക്കെതിരെ കൊടിയ മര്‍ദ്ദനമഴിച്ചുവിട്ട സംഭവത്തില്‍ കുട്ടികളടക്കം 200 ദളിതരാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ മാസം ബി.ജെ.പി എം.എല്‍.എ മനീഷ അനുരാഗിയുടെ സന്ദര്‍ശനത്തിനു ശേഷം ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയിരുന്നു. ക്ഷേത്രം ഗംഗാജലമൊഴിച്ച് ‘ശുദ്ധീകരി’ക്കുകയും വിഗ്രഹങ്ങള്‍ ശുദ്ധിയാക്കാന്‍ അലഹബാദിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.