തിരുമാല ഗൗണ്ടൻ പാളയം സർക്കാർ സ്കൂളില്‍ പാചകക്കാരിയായി ദളിത് സ്ത്രീയെ നിയമിച്ചതിനെതിരെ മറ്റ് ജാതിക്കാരുടെ പ്രതിഷേധം. ഇവരെ നിയമിച്ചതിനെതിരെ സംഘടിച്ചെത്തിയവർ സ്കൂളില്‍ പാചകത്തിനായി ഉപയോഗിച്ച പാത്രങ്ങള്‍ വലിച്ചെറിഞ്ഞു. ഉച്ച ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു അക്രമണം. 

തിരുപ്പൂര്‍ (തമിഴ്നാട്): തിരുമാല ഗൗണ്ടൻ പാളയം സർക്കാർ സ്കൂളില്‍ പാചകക്കാരിയായി ദളിത് സ്ത്രീയെ നിയമിച്ചതിനെതിരെ മറ്റ് ജാതിക്കാരുടെ പ്രതിഷേധം. ഇവരെ നിയമിച്ചതിനെതിരെ സംഘടിച്ചെത്തിയവർ സ്കൂളില്‍ പാചകത്തിനായി ഉപയോഗിച്ച പാത്രങ്ങള്‍ വലിച്ചെറിഞ്ഞു. ഉച്ച ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു അക്രമണം. 

അക്രമണത്തെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം അക്രമം നടത്തിയവർക്കെതിരെ കേസെടുത്തു. പാചക്കാരിയായി അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട പി.പപ്പലിനെ നിയമിച്ചതിനെതിരെയാണ് മറ്റ് ജാതിക്കാർ രംഗത്തുവന്നത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാൻ അനുവദിക്കില്ലെന്നറിയിച്ച് ഇവർ പാത്രങ്ങളും മറ്റും വലിച്ചെറിയുകയായിരുന്നു. ഇവരെ ജാതി പോര് വിളിച്ച് അപമാനിക്കുകയും അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

29 -ഓളം കുട്ടികളെ ഇപ്പോള്‍ സ്കൂളിലേക്ക് വിടാന്‍ കുട്ടികളുടെ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. പപ്പാത്തി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ അവർക്ക് ബുദ്ധിമുട്ടുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചെന്നും പപ്പാത്തിയെ മാറ്റുന്നതി വരെ കുട്ടികള്‍ക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ എഴുത്ത് തന്നെന്നും താന്‍ അവധി അനുവദിച്ചെന്നും സ്കൂള്‍ ഹെഡ്മിസ്ട്രസായ എം.ശശികല പറഞ്ഞു. 

തുടർന്ന് പപ്പലിന്‍റെ പരാതിയിൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം അക്രമം നടത്തിയ ഗൌണ്ടര്‍ ജാതിയില്‍പ്പെട്ട സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 75 പേർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി, വർഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേർത്താണ് കേസ്. 12 പ്രധാന പ്രതികൾ ഒളിവിലാണ്.

പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ബ്ലോക്ക് ഡവലപ്പ്മെന്‍റ് ഓഫീസർ ഇവരുടെ നിയമനം റദ്ദാക്കി. എന്നാല്‍ സബ് കലക്ടർ ശ്രാവണ്‍ കുമാർ നേരിട്ടിടപെട്ട് പപ്പലിനെ വീണ്ടും അതേ സ്കൂളില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. 2006 ലാണ് പപ്പല്‍ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ജൂണ്‍ 30 ന് 19 പാചകക്കാരികള്‍ വിരമിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ പാചകക്കാരെ സ്ഥലം മാറ്റിയിരുന്നു. പപ്പലിന് സ്ഥലം മാറ്റം കിട്ടിയത് തിരുമാല ഗൗണ്ടൻ പാളയം സർക്കാർ സ്കൂളിലേക്കായിരുന്നു. 

തന്‍റെ ഗ്രമത്തിലുള്ള രണ്ട് സ്കൂളുകളിലൊന്നില്‍ നിയമനം വേണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തനിക്ക് അവിടെയ്ക്ക് മാറ്റം തന്നിരുന്നെന്നും എന്നാല്‍ പിന്നീട് വാക്കാല്‍ തന്നോട് തിരുമാല ഗൗണ്ടൻ പാളയം സർക്കാർ സ്കൂളില്‍ ജോലിചെയ്യാന്‍ പറയുകയായിരുന്നു. അതനുസരിച്ചാണ് താന്‍ ജോലിക്ക് വന്നതെന്നും പപ്പാത്തി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ജാതി ഉപയോഗിച്ച് തന്നെ ഗൌണ്ടർമാർ വേട്ടയാടുകയാണെന്നും 2006 ല്‍ ജോലിക്ക് കയറിയത് മുതല്‍ താനിത് അനുഭവിക്കുന്നുണ്ടെന്നും 6,500 രൂപം മാസശമ്പളമുള്ള തനിക്ക് ദിവസവും 30 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് ജോലി ചെയ്യുന്നതില്‍ പ്രയാസമുണ്ടെന്നും തന്‍റെ ഗ്രാമത്തിലേക്ക് തന്നെ മാറ്റം തരണമെന്നും പപ്പാത്തി ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം സംമ്പന്ധിച്ച് കേന്ദ്ര പട്ടികജാതി പട്ടിക വികസന മന്ത്രാലയം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.