ചിക്കമംഗളുരു: ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കര്‍ണാടകയിലെ ദളിത് കുടുംബത്തെ ആക്രമിച്ചു. ചിക്കമംഗളുരുവില്‍ കഴിഞ്ഞ ആഴ്ചയാണ് ദളിത് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. ജൂലൈ പതിനേഴിനാണ് അമ്പതോളം വരുന്ന സംഘം ദളിത് കുടുംബത്തെ ആക്രമിച്ചത്. കര്‍ണാടക കമ്മ്യൂണല്‍ ഹാര്‍മണി ഫോറം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആക്രമത്തില്‍ സാരമായി പരിക്കേറ്റ മൂന്നംഗ കുടുംബം ഇപ്പോള്‍ ചികില്‍സയിലാണ്. ഇതില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടതായും ആരോപണമുണ്ട്. സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് കര്‍ണാടക മന്ത്രി റോഷന്‍ ബെയ്ഗ് രംഗത്തുവന്നു. ഗുജറാത്തിലെ പോലെയുള്ള സംഭവങ്ങള്‍ കര്‍ണാടകയില്‍ അനുവദിക്കില്ലെന്നും ബെയ്‌ഗ് പറഞ്ഞു. തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ ബജ്റംഗ് ദള്‍ ആരാണെന്നും മന്ത്രി ചോദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.