പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട കേസിലെ അന്വേഷണം വഴി മുട്ടി.സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് അപ്രത്യക്ഷനായ യുവാവിനെ കണ്ണൂരില്‍ നിന്ന് പിടികൂടിയെങ്കിലും ചോദ്യംചെയ്യലില്‍ കാര്യമായ തെളിവ് കിട്ടിയിട്ടില്ല.ഇതിനിടെ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിട്ടു. ജിഷയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും പൊലീസിന് കിട്ടിയിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിനെ മൊഴി വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം. മുമ്പ് അടിപിടിക്കേസുകളിലും ക‌ഞ്ചാവ് കേസിലും പ്രതിയായ ഇയാള്‍ സംഭവത്തിന് തൊട്ടുപിന്നാലെ നാടുവിട്ടതാണ് സംശയിക്കാന്‍ കാരണം. എന്നാല്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളുമായി ഇയാളുടെ വിരലടയാളം യോജിക്കുന്നില്ല. ഇയാളുടെ മൊഴികളില്‍ പലപ വൈരുദ്ധ്യങ്ങളുമുണ്ടെങ്കിലും ശാസ്‌ത്രീയ തെളിവുകള്‍ കിട്ടാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയായി.
ഇതിനിടെ പ്രദേശവാസികളടക്കം അഞ്ചുപേരെ ചോദ്യം ചേയ്യുന്നുണ്ട്. അന്വേഷണം വഴിമുട്ടിയതോടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടത്. സംഭവദിവസം അപരിചിതനായ ഒരാള്‍ മതില്‍ചാടിക്കടന്ന് പോയതായി അയല്‍വാസിയും മഞ്ഞഷര്‍ട്ട് ധരിച്ച കനാലിന് സമീപത്തുകൂടി പോയതായി മറ്റൊരാളും മൊഴി നല്‍കിയിട്ടുണ്ട്.

ഇതിന്റെ ചുവടുപിടിച്ചാണ് രേഖാചിത്രം തയാറാക്കിയത്. ഇതിനിടെ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നെന്നും ലൈംഗിക പീഡനത്തിന് ശ്രമം നടന്നിരുന്നെന്നും വ്യക്തമാക്കുന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട് പൊലീസിന് ലഭിച്ചു. ആന്തരികാവയങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.