തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ ലൈംഗിക പീഡനത്തെ തുടര്‍ന്നെന്ന് പൊലീസ്. കുട്ടിയെ ബലാല്‍സംഗം ചെയ്ത ഇളയച്ഛന്‍ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഇളയച്ഛനായ രാജേഷ് ഗര്‍ഭചിദ്രം നടത്തിയതായും പൊലീസ് കണ്ടെത്തി. മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതേതുടര്‍ന്നാണ് കുട്ടി അത്മഹത്യചെയ്തതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും ഗര്‍ഭം അലസിയിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാസം 23നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍‍ട്ടം റിപ്പോര്‍‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആശുപത്രി ജീവനക്കാരുടെയും മറ്റ് ബന്ധുക്കളെയും പങ്ക് അന്വേഷിച്ചുവരുകയാണെന്ന് പോത്തന്‍കോട് സിഐ ഷാജികുമാ‍ര്‍ പറഞ്ഞു.