ഉത്തര്‍ പ്രദേശ്: ദലിത് യുവതി പ്രവേശിച്ചതിനാല്‍ ക്ഷേത്രം പൂജാരി കഴുകി വൃത്തിയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ മംഗല്‍പുര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഗ്രാമത്തിലെ ചതുര്‍ഭുജ് ക്ഷേത്രത്തില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പമാണ് ബിതാനി ദേവി എന്ന ദലിത് സ്ത്രീ പ്രാര്‍ത്ഥിക്കാനെത്തിയത്. മകളുടെ വിവാഹം നടക്കണമെന്ന പ്രാര്‍ത്ഥനയുമായിട്ടായിരുന്നു ഇവര്‍ വന്നത്. എന്നാല്‍ താന്‍ പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയ ഉടന്‍ ക്ഷേത്രത്തിലെ പൂജാരിയായ ബബിതാ ത്രിവേദി ക്ഷേത്രത്തിനകവും പരിസരവും കഴുകി ശുദ്ധീകരിക്കുകയായിരുന്നുവെന്ന് ബിതാനി ദേവിയുടെ പരാതി.

ഇവരുടെ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മംഗല്‍പുര പൊലീസ് പൂജാരിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. എന്നാല്‍ പതിവു ശുദ്ധീകരണം മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു പൂജാരിയുടെ വാദം. രാവിലെയും വൈകിട്ടും ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കുക പതിവാണെന്നും ബിതാനി ദേവി വരുന്ന സമയത്ത് ശുദ്ധീകരണം പാതിവഴിയിലായിരുന്നുവെന്നും പൂജാരി പറയുന്നു. ഇവര്‍ വന്നപ്പോള്‍ ശുദ്ധീകരണം നിര്‍ത്തി വച്ചു. പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയ ശേഷം ശുദ്ധീകരണം പൂര്‍ത്തിയാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് പൂജാരിയുടെ വിശദീകരണം.

രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്നം ഇരുവരെയും വിളിച്ചിരുത്തി പറഞ്ഞു തീര്‍ത്തെന്നുമാണ് മംഗല്‍പുര പൊലീസ് പറയുന്നത്.