ഹൈദരാബാദ്: വീടിനടുത്ത് ഖനനം തടഞ്ഞ ദലിത് സ്ത്രീകളെ ടിഡിപി പ്രവര്‍ത്തകര്‍ അടിച്ചുവീഴ്ത്തി. വിശാഖപട്ടണത്തിനടുത്ത് പെണ്ടുരുത്തി ജെറിപൊതുലപ്ലം എന്ന സ്ഥലത്താണ് തെലുങ്കുദേശം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ മർദനത്തിന് രണ്ട് സ്ത്രീകൾ ഇരയായത്. മർദനത്തിനിരയായ ദുർഗാമ്മയും മാതാവ് അങ്കാമ്മയും പെണ്ടുരുത്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മർദനത്തിനിരയായ സ്ത്രീകളുടെ സാരിയും ബ്ലൗസും കീറിയെറിയാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ദൂർഗാമ്മയും കുടുംബവും കൃഷി ചെയ്യുന്ന ഭൂമിയിൽ പിന്നാക്ക ജാതിയിൽ നിന്നുള്ള ഏതാനും പേർ ഖനനം തുടങ്ങിയതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അധികൃതർ പറയുന്നു.
ഇൗ ഭൂമി പിന്നോക്ക വിഭാഗങ്ങൾക്കായുള്ള എൻ.ടി.ആർ ഭവന പദ്ധതിക്കായി സർക്കാർ നീക്കിവെച്ചിരുന്നു. എന്നാൽ ദലിത് കുടുംബങ്ങൾ നിലവിൽ താമസിച്ചുവരുന്നതാണ് ഇൗ ഭൂമി. ഭവന നിർമാണത്തിനായി ഭൂമി അനുവദിച്ചവർ ഇവിടെ എത്തി അടിത്തറ പണിയാൻ ഖനനം ആരംഭിച്ചതോടെ ദുർഗാമ്മയും അങ്കാമ്മയും എതിർത്തു. ഇത് തർക്കമാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു.
പട്ടിക ജാതി/ വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദിച്ചവരുടെ രാഷ്ട്രീയ ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊലീസ് കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയിരുന്നു. മർദനത്തിന് ഇരയായ സ്ത്രീകളെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
