ദളിതരുടെ രാഷ്ട്രീയമുന്നേറ്റമായിരുന്നു കഴിഞ്ഞദിവസം ഗുജറാത്തിലെ ഊനയില്‍ കണ്ടത്. ചത്തപശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് ഗുജറാത്തില്‍ ദളിത് മുന്നേറ്റമായി വളര്‍ന്നത്. ഒരുമാസത്തിനുള്ളില്‍ തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് ദളിത് അത്യാചാര്‍ ലടത് സമിതി നേതാവ് ജിഗ്‌നേഷ് മേവാനി പ്രഖ്യാപിച്ചു. ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി എന്നതടക്കമുള്ള പത്ത് ഇന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് റെയില്‍പാളങ്ങള്‍ തടഞ്ഞ് സമരം ചെയ്യും. ജയിലില്‍ പോകാന്‍ മടിയില്ലെന്നും ബിജെപി സര്‍ക്കാര്‍ ദളിതരുടെ ക്ഷമപരീക്ഷിക്കരുതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
ഇനിമുതല്‍ ഓടകള്‍ വൃത്തിയാക്കില്ലെന്നും ചത്തപശുക്കളെ കുഴിച്ചിടില്ലെന്നും റാലിയില്‍ ദളിതര്‍ പ്രതിക്ജയെടുത്തിരുന്നു. അതേസമയം ദളിതരുടെ റാലിക്കെതിരെ ഗുജറാത്തിന്റെ പലഭാഗങ്ങളില്‍ ഗോസംരക്ഷണ സമിതിക്കാര്‍ ആക്രമണം നടത്തി.
ഊനയിലെ സംതേര്‍ ഗ്രാമത്തില്‍ ഗോസംരക്ഷണസമിതിക്കാര്‍ ദളിതര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. സംരക്ഷണം ആവശ്യപ്പെട്ട് ദളിതര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് ഇവരെ ഗ്രാമങ്ങളിലേക്ക് എത്തിച്ചത്. ഈനയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
