ഇടുക്കി അർച്ച് ഡാമിന്റെ പിൻ ഭാഗത്ത് കൂറ്റൻ പാറ അടർന്നു വീണു. അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന കുറവൻ മലയുടെ ഭാഗമായ പാറക്കഷ്ണമാണ് അടർന്നു വീണത്. ഡാമിന്റെ പിൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഏണിയുടെ പടികളും കല്ലു വീണു തകർന്നു.

ആർച്ച് ഡാമിന്റെ അടിത്തട്ടിൽ നിന്നു 160 അടി ഉയരത്തിൽ നിന്നുമാണ് പാറ അടർന്നു വീണത്. അണക്കെട്ടിന്റെ ഭിത്തിയിൽ പല ഭാഗത്തായി ഇടിച്ചാണ് പാറ താഴെയെത്തിയത്. പിൻഭാഗത്ത് ഉദ്യോഗസ്ഥർക്ക് കയറി പരിശോധന നടത്താനായി സ്ഥാപിച്ചിരുന്ന ഇരുന്പ് ഏണിയുടെ പടികളും വീഴ്ചയിൽ തകർന്നു. താഴ് ഭാഗത്തെ കൈവരികളും കല്ലുകൾ വീണു തകർന്നിട്ടുണ്ട്. മുകൾ ഭാഗത്തുള്ള കോൺക്രീറ്റ് തൂണിനും തകരാർ പറ്റി. മുന്പ് പലതവണ ഇത്തരത്തിൽ കുറവൻ, കുറത്തി മലകളിൽ നിന്നു പാറ അടർന്നു വീണിട്ടുണ്ട്. എന്നാൽ അണക്കെട്ടിന്റെ ഭിത്തിയിൽ പതിക്കുന്നത് ആദ്യമായിട്ടാണ്. ഇതേത്തുടർന്ന് ആ ഭാഗത്തേയ്‍ക്കുള്ള സന്ദർശകരുടെ പ്രവേശനം നേരത്തെ നിരോധിച്ചു. സംഭവം അറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. അടർന്നുവീണ കല്ലുകൾ നീക്കം ചെയ്തു. ആ ഭാഗത്ത് ഇളകിയിരുന്ന കല്ലുകളും മാറ്റി. മഴയും വെയിലും മാറിമാറി ഏൽക്കുന്നതു മൂലം പാറയിലുണ്ടായ വിള്ളലാണ് ഇതിനു കാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പാറക്കഷ്ണം അടർന്നു വീണത് അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയല്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ഇത്തരത്തിൽ അടർന്നു വീഴാൻ സാധ്യതയുള്ള പാറക്കഷ്ണങ്ങൾ കന്പി ഉപയോഗിച്ച് ബന്ധിപ്പിക്കാറുള്ളതാണ്. ഇത് ആവർത്തിക്കാതിരിക്കാൻ ഭൗമശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ പഠനം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം.