വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ ദുരിതം നേരിടുമ്പോഴും എല്ലാ ഡാമുകളും ഒരുമിച്ച് നിറഞ്ഞതിനാല്‍ ഒരുമിച്ച് തുറന്നു എന്ന ഒഴുക്കന്‍ മറുപടിയാണ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആവര്‍ത്തിച്ചത്. ഡാം ഇല്ലാത്ത പുഴകളിലും വെള്ളം നിറഞ്ഞിരുന്നു. തടികള്‍ ഒഴുകി വന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തകര്‍ന്നു. കേടുപാടുകള്‍ പരിഹരിക്കേണ്ടി വരുമായിരിക്കും. തനിക്ക് അറിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഏറ്റുവാങ്ങിയ കേരളം ഇപ്പോള്‍ മഹാദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷനും അത് തന്നെ മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രളയജലം ഇരച്ചു കയറിയതില്‍ ഡാമുകളുടെ പങ്കും ചെറുതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മഴ ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന് തകരാറ് സംഭവിച്ചിരുന്നു. തടികള്‍ ഒഴുകി ഡാമിന്‍റെ ഷട്ടറുകള്‍ തകര്‍ന്നതിനാല്‍ ഡാം കവിഞ്ഞ് വെള്ളം ഒഴുകിയത് ചാലക്കുടിയെ പ്രളയത്തില്‍ മുക്കി. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ തുടരുന്നത് നിരുത്തരവാദിത്തപരമായ നിലപാടുകളാണ്. തനിക്ക് ഒന്നും അറിയില്ലെന്ന മറുപടി നല്‍കി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു ചെയര്‍മാന്‍ സി എന്‍ രാമചന്ദ്രന്‍ നായര്‍. 

വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ ദുരിതം നേരിടുമ്പോഴും എല്ലാ ഡാമുകളും ഒരുമിച്ച് നിറഞ്ഞതിനാല്‍ ഒരുമിച്ച് തുറന്നു എന്ന ഒഴുക്കന്‍ മറുപടിയാണ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആവര്‍ത്തിച്ചത്. ഡാം ഇല്ലാത്ത പുഴകളിലും വെള്ളം നിറഞ്ഞിരുന്നു. തടികള്‍ ഒഴുകി വന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തകര്‍ന്നു. കേടുപാടുകള്‍ പരിഹരിക്കേണ്ടി വരുമായിരിക്കും. തനിക്ക് അറിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 

ഡാമിന്‍റെ സാങ്കേതിക സുരക്ഷയില്‍ മാത്രമാണ് രാമചന്ദ്രന്‍ നായര്‍ക്ക് ആശങ്കയെന്നും എന്നാല്‍ അതിന് താഴെ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു. ഇത്തരമൊരു ഡാം സേഫ്റ്റി അതോറിറ്റി കേരളത്തിന് ആവശ്യമില്ലെന്നും അതോറിറ്റി പിരിച്ച് വിടണമെന്നും മുന്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എം പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.