ദമാം: ദമ്മാമില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുത്ത നവോദയ കായികോത്സവത്തിനു തിരശീല വീണു. കായികോത്സവത്തോടു അനുബന്ധിച്ചു നടന്ന മാര്‍ച്ച് പാസ്റ്റിലും ഘോഷയാത്രയിലും നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു.
'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള സമൂഹം' എന്ന സന്ദേശത്തോടെ നവോദയ സാംസ്‌കാരികവേദി കിഴക്കന്‍ പ്രവിശ്യ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫെസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ മലയാളികളുടെ കായിക മാമാങ്കമായി മാറി. രണ്ടു ദിവസങ്ങളിലായി അല്‍ കോബാര്‍ അസീസിയ അല്‍ ഷോല ടൂറിസ്റ്റ് വില്ലേജില്‍ നടന്ന കായികമേളയില്‍ സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം കായികതാരങ്ങളാണ് പങ്കെടുത്തത്. 122 ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. കിഴക്കന്‍ പ്രവിശ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിയ കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റോടെയാണ് കായികോത്സവം തുടങ്ങിയത്.
സമാപന സമ്മേളനതോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ഒരുക്കിയ നിശ്ചല ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേയമായി. സമാപന സമ്മേളനത്തില്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: സിദ്ദീക്ക് അഹമ്മദ് മുഖ്യാതിഥി ആയിരുന്നു.
നവോദയ പ്രസിഡന്റ് പവനന്‍ മൂലക്കീല്‍, കിംഗ് ഫഹദ് യുണിവേഴ്‌സിറ്റി ഹെല്‍ത്ത് & ഫിറ്റ്‌നസ് ഡയറക്റ്റര്‍ മുഹമ്മദ് ഹംദാന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്റ്റര്‍ ജോര്‍ജ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷമല്‍ ഷാഹുല്‍ എന്നിവരും സംസാരിച്ചു.
