ഡെന്‍മാര്‍ക്കിനെതിരെ പ്രീക്വാര്‍ട്ടറിലും ക്രൊയേഷ്യന്‍ ജയം ഷൂട്ടൗട്ടിലായിരുന്നു
മോസ്കോ: മധ്യനിരയുടെ കരുത്താണ് ക്രൊയേഷ്യയുടെ മുന്നേങ്ങള്ക്കെല്ലാം കാരണമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തലുകള്. ലൂക്കാ മോഡ്രിച്ച്, ഇവാന് റാക്കിറ്റിച്ച് എന്നീ രണ്ടു പേരുകളില് നിന്ന് തന്നെ വ്യക്തമാകും ക്രൊയേഷ്യന് മിഡ്ഫീല്ഡിന്റെ വ്യാപ്തി. റഷ്യക്കെതിരെ ക്വാര്ട്ടര് പോരാട്ടത്തില് ക്രൊയേഷ്യ മിന്നുന്ന കളി പുറത്തെടുത്തു.
പക്ഷേ, റഷ്യയുടെ പോരാട്ട വീര്യത്തിന് മുന്നില് അതെല്ലാം നിഷ്ഫലമായെന്ന് മാത്രം. എക്സ്ട്രാ ടെെമിന്റെ 115-ാം മിനിറ്റില് വഴങ്ങിയ ഗോള് ക്രൊയേഷ്യന് ടീമിനെ അപ്പാടെ തകര്ത്ത് കളഞ്ഞു. എപ്പോഴും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില് നില്ക്കുന്ന മുഖഭാവമുള്ള ലൂക്ക മോഡ്രിച്ചിന്റെ മുഖം പോലും വിവര്ണായി. ടീം പ്രതിസന്ധിയിലാകുമ്പോഴാണ് യഥാര്ഥ നായകന്മാരുടെ പിറവി സംഭവിക്കേണ്ടത്.
മികച്ച പ്രകടവനവുമായി ക്വാര്ട്ടര് വരെയെത്തിയ ക്രൊയേഷ്യക്ക് അങ്ങനെ തോറ്റ് മടങ്ങാന് സാധിക്കില്ലായിരുന്നു. അവിടെ അവരെ വീരനായകനായി ചുമലിലേറ്റി അവസാന നാലില് എത്തിച്ചിരിക്കുകയാണ് ഗോള്കീപ്പര് ഡാനിയേല് സുബാസിച്ച്. മത്സരത്തിനിടെ പരിക്കേറ്റിട്ടും തളരാതെ നിന്ന സുബാസിച്ച് തുടര്ച്ചയായ രണ്ടാം മത്സരത്തിലാണ് ഷൂട്ടൗട്ടില് ടീമിന്റെ രക്ഷകനായി അവതരിക്കുന്നത്.

ഗോള് വലയ്ക്ക് കീഴിലെ ഏകാന്തത അത്ര മേല് ഇഷ്ടപ്പെടുന്നുണ്ടാകും ഡാനിയല് സുബാസിച്ച്. അല്ലെങ്കില് പിന്നെങ്ങനെയാണ് ലോകകപ്പില് തുടര്ച്ചയായ രണ്ടാം മത്സരത്തിലും ഷൂട്ടൗട്ടില് രാജ്യത്തിന്റെ രക്ഷകനാകുന്നത്. അതും മത്സരത്തിനിടെ പരിക്കേറ്റ് കളത്തിന് പുറത്ത് പോകേണ്ടിവരുമെന്ന അവസ്ഥയില് നിന്ന്.
ചെറിഷേവിന്റെ മിന്നും ഷോട്ടിന് മുന്നില് നിസഹായനായി നില്ക്കുന്നത് കണ്ടപ്പോള് സുബാസിച്ചിന്റെ ദിവസമല്ല ഇതെന്ന് തോന്നലാണ് ആരാധകര്ക്ക് ആദ്യമുണ്ടായത്. മൂന്ന് സബ്സ്റ്റിറ്റ്യൂഷനും കഴിഞ്ഞിരുന്ന ക്രൊയേഷ്യക്ക് വലിയ ആഘാതമായിരുന്നു 89-ാം മിനിറ്റില് സുബാസിച്ചിനേറ്റ പരിക്ക് .
നിശ്ചിത സമയം കഴിയുന്നത് വരെ സുബാസിച്ചിന് പിടിച്ച് നില്ക്കാനാകുമോ എന്നതായിരുന്നു അപ്പോഴത്തെ ചോദ്യം. പക്ഷേ, 90 മിനിറ്റ് വരെയല്ല, അധികസമയത്തും ഷൂട്ടൗട്ടിലുമെല്ലാം ക്രൊയേഷ്യന് വലകാത്തത് ഈ മുപ്പത്തിമൂന്നുകാരന് തന്നെ. ആത്മവിശ്വസത്തോടെ സ്വന്തം നാട്ടുകാര്ക്ക് മുന്നില് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുക്കാന് വന്ന റഷ്യയെ ഞെട്ടിച്ചതായിരുന്നു ആദ്യ സേവ്. അത് മാത്രം മതിയായിരുന്നു ആതിഥേയര്ക്കെതിരെ മാനിസികമായി ക്രൊയേഷ്യക്ക് ആധിപത്യം ഉറപ്പിക്കാന്.
