കരുത്ത് തെളിയിക്കാന്‍ ഈജിപ്ത് സുവര്‍ണ തലമുറയുമായി ബെല്‍ജിയവും ക്രൊയേഷ്യയും

മോസ്കോ: കിരീട പ്രതീക്ഷകളുമായി എത്തുന്ന വമ്പന്‍ ടീമുകളെ പിന്നിലാക്കി കുതിപ്പ് നടത്തുന്ന ചില ടീമുകള്‍ എല്ലാ ലോകകപ്പിലുമുണ്ടാകും. കറുത്ത കുതിരകളെന്ന വിളിപ്പേരില്‍ പലരുടെയും സ്വപ്നങ്ങളെയും കാറ്റില്‍പ്പറത്തി പ്രീ ക്വാര്‍ട്ടറും കടന്ന് അത്തരക്കാര്‍ മുന്നേറും. ലോകകപ്പ് നേടുമെന്ന അവകാശവാദം ഒന്നുമില്ലെങ്കിലും അസാമാന്യ പ്രകടനങ്ങളാണ് ലോകകപ്പില്‍ ചില ടീമുകള്‍ നടത്തുക. റഷ്യയില്‍ കാല്‍പ്പന്ത് ആരവത്തിന് കേളിക്കൊട്ടുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അട്ടിമറി ശേഷിയുമായെത്തുന്ന പടകള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബെല്‍ജിയം

അടുത്ത കാലത്ത് നടത്തിയ പ്രകടനങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ ലോകകപ്പില്‍ മുത്തമിടാന്‍ പോലും സാധിക്കുന്ന താരനിരയാണ് ബെല്‍ജിയത്തിന്‍റേത്. സുവര്‍ണ തലമുറയെന്ന് എല്ലാവരും ഒരുപോലെ വിശേഷിപ്പിക്കുന്ന ടീമില്‍ വന്‍തോക്കുകള്‍ ഏറെയുണ്ട്. പനാമ,ഇംഗ്ലണ്ട്, ടുണീഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജി ആണ് ബെല്‍ജിയത്തിന്‍റെ തട്ടകം. വലിയ ടൂര്‍ണമെന്‍റുകളില്‍ കാലിടറുന്ന ഇംഗ്ലീഷ് പടയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ബെല്‍ജിയം നേടുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍. പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചവരാണ് ബെല്‍ജിയം താരങ്ങളില്‍ ഏറിയ പങ്കും. നായകന്‍ ഏദന്‍ ഹസാര്‍ഡിന്‍റെ പേര് മാത്രം മതി ടീമിന്‍റെ ശക്തി എത്രത്തോളമെന്ന് മനസിലാക്കാന്‍. ഒരു കളി പോലും തോല്‍ക്കാതെ ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്ത ടീമാണ് ബെല്‍ജിയം. ഹസാര്‍ഡിനെ കൂടാതെ, റൊമേലു ലുക്കാകു, കെവിന്‍ ഡി ഒബ്രിയാന്‍, ഫെല്ലിനി, തിബൗട്ട് കര്‍ട്ടോയിസ്, വിന്‍സെന്‍റ് കമ്പനി എന്നിങ്ങനെ എല്ലാ മേഖലയിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഒരുപിടി താരങ്ങളുടെ സംഘമാണ് ടീം. 

കൊളംബിയ

2014 ലോകകപ്പില്‍ കാണിച്ച അതേ അത്ഭുതം തുടര്‍ന്നാല്‍ ടൂര്‍ണമെന്‍റില്‍ വലിയ മുന്നേറ്റം നടത്താന്‍ ശേഷിയുള്ള സംഘമാണ് കൊളംബിയ. ഹാമിഷ് റോഡിഗ്രസ് എന്ന താരത്തിന്‍റെ മികവ് ഫുട്ബോള്‍ ലോകം ഇതിനകം അംഗീകരിച്ച് കഴിഞ്ഞു. ആറാം വട്ടം ലോകകപ്പിനെത്തുന്ന ടീമിന് അദ്യ റൗണ്ടില്‍ അനായാസം ജയിച്ച് കയറാനാവുന്ന നിലയാണ്. ജപ്പാന്‍, സെനഗല്‍, പോളണ്ട് എന്നിവരാണ് ആദ്യ ഘട്ടത്തില്‍ കൊളംബിയയുടെ എതിരാളികള്‍. റോഡിഗ്രസിനെ കൂടാതെ ഫല്‍ക്കാവോ, ഹുവാന്‍ കുഡ്രാരോ, കാര്‍ലോസ് ബക്ക എന്നിങ്ങനെ മികച്ച താരനിര കൊളംബിയക്കുണ്ട്. വലിയ മത്സരങ്ങളെ ജയിക്കാനുള്ള പ്രാപ്തി ടീമിനുണ്ടോയെന്ന് സംശയിക്കപ്പെടുമ്പോഴും അട്ടിമറി നടത്താന്‍ കെല്‍പ്പുള്ളവരെന്ന് ഒരേസ്വരത്തില്‍ എല്ലാവരും വിലയിരുത്തുന്ന ടീമാണ് കൊളംബിയ. ഏറെക്കാലം ഒരുമിച്ച് കളിച്ചതിന്‍റെ ഗുണം ടീമിന്‍റെ പ്രകടനത്തിലും പ്രതിഫലിക്കുമെന്നുറപ്പ്.

ക്രൊയേഷ്യ

1998 ലോകകപ്പിന്‍റെ സെമിയില്‍ എത്തിയ ചരിത്രം പറയാനുണ്ട് ലൂക്ക മോഡ്രിച്ചിനും സംഘത്തിനും. അന്നത്തേതിനേക്കാള്‍ മികച്ച ടീമെന്ന വിളിപ്പേരുമായാണ് ക്രെയേഷ്യ റഷ്യയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. നായകന്‍ ലൂക്കാ മോഡ്രിച്ചില്‍ നിന്ന് തന്നെ തുടങ്ങാം. തുടര്‍ന്ന് ഇവാന്‍ റാക്കിറ്റിച്ച്, മറ്റിയോ കൊവാസിച്ച്, മാരിയോ മണ്ടുകിച്ച് എന്നിങ്ങനെ യൂറോപ്യന്‍ വേദികളില്‍ മിന്നി തിളങ്ങുന്ന ഒരുപിടി കളിക്കാര്‍ ക്രൊയേഷ്യക്കായി അണിനിരക്കുന്നു. കരുത്തരായ അര്‍ജന്‍റീന അടങ്ങുന്ന ഗ്രൂപ്പിലാണെങ്കിലും നെെജീരിയയെും ഐസ്‍ലാന്‍റിനെയും പിന്നിലാക്കി കുതിക്കാന്‍ സ്റ്റാക്കോ ഡാലിക്കിന്‍റെ ടീമിന് സാധിക്കുമെന്ന് ഫുട്ബോള്‍ പണ്ഡിതന്മാര്‍ ഉറച്ച സ്വരത്തില്‍ പറയുന്നു. 

ഉറുഗ്വെ

ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളുടെ മികവാണ് മുന്‍ ലോക ചാമ്പ്യന്മാരുടെ ഇത്തവണത്തെ പ്രതീക്ഷകളെ വാനോളം എത്തിക്കുന്നത്. ഫേവറിറ്റുകളുടെ കൂട്ടത്തില്‍ പെടില്ലെങ്കിലും ക്വാര്‍ട്ടറും കടന്ന് മുന്നേറാനുള്ള അസ്ത്രങ്ങളെല്ലാം രാകി മിനുക്കിയാണ് ലാറ്റിനമേരിക്കന്‍ രാജ്യം റഷ്യയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ഉറുഗ്വെയെ ലോക ഫുട്ബോളിലെ കരുത്തന്മാരുടെ പട്ടികയില്‍ തിരിച്ചെത്തിച്ചിരുന്നു. ഇറ്റലിയും ഇംഗ്ലണ്ടും അടങ്ങിയ ഗ്രൂപ്പില്‍ നിന്ന് അവര്‍ മുന്നേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സുവാരസും കവാനിയും മുന്നേറ്റത്തില്‍ നില്‍ക്കുമ്പോള്‍ റഷ്യയും സൗദിയും ഈജിപ്തും ഉയര്‍ത്തുന്ന വെല്ലുവിളി അനായാസമായി മറികടക്കാമെന്നുള്ള പ്രതീക്ഷയിലാണ് ടീം. കറുത്ത കുതിരകളുടെ പട്ടികയിലെ ഏറ്റവും സാധ്യതയുള്ള ടീമാണ് ഉറുഗ്വെ. 

ഈജിപ്ത്

28 വര്‍ഷത്തിന് ശേഷം ലോകകപ്പിന് എത്തുന്ന ഒരു ടീമിന് എത്രത്തോളം സാധ്യതയുണ്ട്. ഇല്ലെന്നുള്ള ഉത്തരങ്ങള്‍ കൂടുതല്‍ ലഭിക്കുമെങ്കിലും ഈജിപ്ത് വിശ്വസിക്കുന്നുണ്ട്, തങ്ങള്‍ക്കും പല അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കുമെന്ന്. മുഹമ്മദ് സലാ എന്ന ഒറ്റപ്പേരില്‍ അവര്‍ അത്രത്തോളം പ്രതീക്ഷകളാണ് പുലര്‍ത്തുന്നത്. ഉറുഗ്വെയെ മറികടക്കാന്‍ സാധിച്ചില്ലെങ്കിലും റഷ്യയെയും സൗദിയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ഘട്ടം കടക്കാമെന്നാണ് സലായുടെയും കൂട്ടരുടെയും കണക്കുക്കൂട്ടല്‍. ആഫ്രിക്കന്‍ ടീമുകള്‍ എല്ലാക്കാലത്തും ലോകകപ്പില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഘാനയുടെയും, സെനഗലിന്‍റെയും എല്ലാം പിന്മുറക്കാരായി എത്തുന്ന ഈജിപ്തിനും അതിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.