ദില്ലി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമാണെന്ന വാദവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് രംഗത്ത്. കുരങ്ങ് മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ നടന്ന ആള്‍ ഇന്ത്യ വൈദിക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നമ്മുടെ മുന്‍ഗാമികളാരും കുരങ്ങന്‍ മനുഷ്യനാകുന്നതിന് സാക്ഷികളായിട്ടുളളതായി ഒരിടത്തും പറഞ്ഞിട്ടില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലെയും കോളേജുകളിലെയും ഇതുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് പ്രത്യക്ഷപ്പെട്ടത്', ഔറംഗബാദില്‍ മാധ്യമപ്രവര്‍ത്തകരോട് തന്റെ അഭിപ്രായത്തെ ന്യായീകരിച്ച് അദ്ദേഹം തുടര്‍ന്നു.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായ സത്യപാല്‍ സിംഗ്് മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായിരുന്നു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സത്യപാല്‍ സിങിന്രെ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്ത സത്യപാല്‍ സിംഗ് ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.