ഹരിപ്പാട് ഡാണാപ്പടിയില്‍ വൃദ്ധയ്ക്ക് നേരെ മരുമകളുടെ ക്രൂര പീഡനം. മകന്‍റെ ഭാര്യയുടെ മര്‍ദ്ദനത്തില്‍ വൃദ്ധയുടെ ഇടതുകൈക്കും വിരലിനും പൊട്ടലുണ്ട്. ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. വൃദ്ധയെ ഭീകരമായി മര്‍ദ്ദിച്ച് പണിയെടുപ്പിച്ചിരുന്നുവെന്നും മറ്റ് മക്കളെ ഈ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും തങ്ങളുടെ അമ്മയെ താന്‍ കൊണ്ടുപോവുകയാണെന്നും മകള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൃദ്ധയെ വലിച്ചിഴയ്ക്കുന്നതിന്‍റെയും മോശമായി പെരുമാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

പേര് ഗൗരിക്കുട്ടിയമ്മാള്‍. നാല് മക്കളുണ്ട്. രണ്ടാണും രണ്ട് പെണ്ണും. വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകന്‍റെ കൂടെയാണ് താമസം. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പിടിയിലെ മകന്‍റെ വീട്ടില്‍ വച്ചാണ് വൃദ്ധ കഴിഞ്ഞ കുറേക്കാലമായി കടുത്ത പീഡനത്തിന് ഇരയാവുന്നത്. മകന്‍റെ ഭാര്യയാണ് വൃദ്ധയെ ആരെയും കരളലിയിപ്പിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കുന്നതും പണിയെടുപ്പിക്കുന്നതും. കാലിനുണ്ടായ മുറിവ് വച്ചുകെട്ടുന്നതിന്‍റെ ദൃശ്യങ്ങളാണിത്. എണീറ്റ് നടക്കാന്‍ പോലും കഴിയാത്ത വൃദ്ധയെക്കൊണ്ട് പണിയെടുപ്പിക്കുന്നു. വെറുതെ നില്‍ക്കുന്ന സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ആവശ്യമായ വൈദ്യസഹായം കൊുത്തിരുന്നില്ല. മറ്റ് മക്കളെ ഇവിടേക്ക് പ്രവേശിപ്പിക്കാതെയാണ് അമ്മയെ മര്‍ദ്ദിച്ചിരുന്നതെന്ന് ഇവരുടെ മകള്‍ പറഞ്ഞു.
ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവരെ കാണാന്‍ ചെല്ലുമ്പോള്‍ വേദന കൊണ്ട് പുളയുകയായിരുന്നു. വലത് കൈക്ക് പൊട്ടലുണ്ട്. ശരീരത്തിനും കാലിനും എല്ലാം മുറിവുകളുടെ പാടുകളാണ്. മുഖത്തടിച്ചതിന്‍റെ പാടുകള്‍ വലതുകവിളിലുണ്ട്. മക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് മകന്‍റെ ഭാര്യ മകളുടെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പയ്യന്നൂരില്‍ ഒരു വൃദ്ധമാതാവിനെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടുള്ള ഞെട്ടല്‍ മാറും മുമ്പാണ് ആലപ്പുഴയില്‍ നിന്ന് അടുത്ത വാര്‍ത്ത. ഇങ്ങനെ സംസ്ഥാനത്ത് നിരവധി വീടുകളില്‍ സംഭവിക്കുന്നു എന്നതിന്‍റെ സംസാരിക്കുന്ന തെളിവുകള്‍.
