കാസര്‍കോഡ്: മദ്യപിച്ചെത്തിയ അച്ഛന്റെ ആക്രമണം പേടിച്ച് ഭയന്നോടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി മരിച്ചു. കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹരിതയാണ് (14) മരിച്ചത്. മദ്യപിച്ചെത്തിയ ഹരിദാസന്‍ വീട്ടില്‍ ബഹളം ഉണ്ടാക്കിയതോടെ പഠിക്കാന്‍ പറ്റുന്നില്ലെന്ന് ഹരിത പറഞ്ഞു. ഇതോടെ പ്രകോപിതനായ ഹരിദാസ് കത്തിയുമായി ആക്രമിക്കാന്‍ എത്തുകയായിരുന്നു. 

കത്തിയുമായി വരുന്നത് കണ്ട് ഭയന്ന ഹരിത പുറത്തേയ്ക്ക് ഓടി. അച്ഛന്‍ പുറകേ വരുന്നത് കണ്ട് 50 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. കിണറ്റില്‍ 30 അടിയോളം വെള്ളവുമുണ്ടായിരുന്നു. നാട്ടുകാര്‍ എത്തിയെങ്കിലും കിണറ്റില്‍ നിന്ന് കുട്ടിയെ കണ്ടെടുക്കാനായില്ല. 
ഒന്‍പതരയോട അഗ്‌നിശമന സേനയെത്തി പാതാള കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.