മകള്‍ ശിലയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം, മകളെ ആറ് മണിക്കൂര്‍ ക്ഷേത്രനടയിലിരുത്തി രക്ഷിതാക്കള്‍, ഒടുവില്‍

ചെന്നൈ: അന്ധവിശ്വാസങ്ങള്‍ വര്‍ധിച്ചുവരികയാണ് സമൂഹത്തില്‍. ഇന്ത്യയില്‍ പലയിടത്തും സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിലെ 11പേരടങ്ങുന്ന ഒരു കുടുംബം പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. തമിഴ്നാട് അമ്മപട്ടണം സ്വദേശികളുടെ കഥയാണ് അടുത്തിടെ ഈ ഗണത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

സ്വന്തം മകള്‍ ശിലയാകുമെന്ന് പ്രതീക്ഷിച്ച് 12 വയസുകാരിയെ മാതാപിതാക്കള്‍ ക്ഷേത്രനടിയിലിരുത്തിയത് ആറ് മണിക്കൂര്‍.
12 വയസാകുമ്പോള്‍ മകള്‍ ശിലയാകുമെന്ന് ജ്യോതിഷി പ്രവചിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ കുട്ടിയെ നടയിലിരുത്തി കാത്തിരുന്നത്. 

ജൂലൈ രണ്ടിനായിരുന്നു മകളുടെ 12ാം പിറന്നാള്‍. പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടിലെ ജന്മദിനാഘോഷത്തിന് ശേഷം പ്രത്യേക പൂജകള്‍ നടത്തി മുല്ലപ്പൂവ് ചൂടിച്ച് മണമേല്‍ക്കുടി ക്ഷേത്രത്തില്‍ നടയിലിരുത്തി.

ജീവനുള്ള പെണ്‍കുട്ടി ശിലയാകുമെന്ന് കേട്ടി നിരവധിപേര്‍ ഒത്തുകൂടി. ഭക്തികൂടി ചില സ്ത്രീകള‍ള്‍ നൃത്തം ചെയ്തു. എന്നാല്‍ ആറ് മണിക്കൂര്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. 11 മണിയോടെ എല്ലാവരും പിരിഞ്ഞുപോയി. ജ്യോതിഷിയുടെ പ്രവചന പ്രകാരം പെണ്‍കുട്ടി ദൈവമാകുമെന്നായിരുന്നു മാതാപിതക്കള്‍ കരുതിയത്.