താനെ: ഇന്ത്യയെ തന്നെ വിറപ്പിച്ച് ഒളിവില്‍ തുടരുന്ന ദാവൂദ് ഇബ്രഹാമിനെ മാനസികമായി തകര്‍ത്ത് മകന്റെ തീരുമാനം. വിടാതെ പിന്തുടരുന്ന എതിരാളികളും അന്വേഷണ സംഘത്തിന്റെ പിടിയിലാവുമോയെന്ന ഭീതിയൊന്നുമല്ല ദാവൂദിനെ വേട്ടയാടുന്നതെന്ന് വ്യക്തമായി. കൊന്നും കൊലവിളിച്ചും പടുത്തുയര്‍ത്തിയ സാമ്രാജ്യം ഏല്‍പിച്ച് പോകാന്‍ ആളില്ലാത്തതാണ് ദാവൂദിനെ പ്രതിസന്ധിയിലാക്കുന്നത്. പിതാവിന്റെ പാത പിന്‍തുടരാന്‍ താല്‍പര്യമില്ലെന്നുള്ള മൂന്നുമക്കളില്‍ ഒരേയൊരു ആണ്‍തരിയുമായ മൊയിന്‍ നവാസ് ഡി കസ്ക്കറുടെ തീരുമാനമാണ് ദാവൂദിനെ വലയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുപ്പത്തിയൊന്നുകാരനായ മകന്‍ പിതാവിന്റെ കറുത്തപാതകളെ പൂര്‍ണമായും കൈവെടിഞ്ഞ് പൗരോഹിത്യത്തിന്റെ വഴിയിലാണ് മൊയിന്‍ നവാസ് ഡി കസ്കര്‍.
പിതാവിനെ പിന്തുടരുന്ന കൊലയാളികളെയും പൊലീസിനെയും കുറിച്ച് മൊയിന്‍ നവാസിന് ബോധ്യമുണ്ട്. എന്നാല്‍ കറുത്ത വഴികളിലൂടെ നേടിയ സമ്പത്ത് തന്നെ മോഹിപ്പിക്കുന്നില്ലെന്നാണ് മൊയിന്‍ വിശദമാക്കുന്നത്. ഖുറാനിലെ 6236 സൂക്തങ്ങളും മനപാഠമാക്കിയ മൊയിന്‍ നവാസ് പിതാവിന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മതപഠനശാല നല്‍കിയിരിക്കുന്ന ക്വാര്‍ട്ടേഴ്സിലാണ് മൊയിന്‍ നവാസ് ഡി കസ്കര്‍ താമസിക്കുന്നത്. മാനേജ്മെന്റ് പഠന കാലത്തിന് ശേഷം മൊയിന്‍ കുറച്ച് കാലം പിതാവിന്റെ ചില ബിസിനസുകള്‍ നോക്കി നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പൂര്‍ണമായി പിതാവിന്റെ ബിസിനസുകളില്‍ നിന്ന് പിന്മാറുകയായിരുന്നു.
കറാച്ചി സ്വദേശിയായ ബിസിനസുകാരന്റെ മകളെയാണ് മൊയിന്‍ വിവാഹം ചെയ്തിരിക്കുന്നത്. മൊയിന്‍ നവാസിന് പിതാവിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളോട് തുടക്കം മുതലേ എതിര്‍പ്പുണ്ടായിരുന്നുവെന്ന് താനെയിലെ അന്വേഷണത്തലവന്‍ പ്രദീപ് ശര്‍മ വിശദമാക്കുന്നു. കവര്‍ച്ചക്കേസില്‍ പിടിയിലായ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്കറാണ് ദാവൂദ് കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളേക്കുറിച്ച് വിശദമാക്കിയത്. താന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം ആര് നോക്കി നടത്തുമെന്ന കാര്യത്തില്‍ ദാവൂദിന് ആശങ്കകള്‍ ഉണ്ടെന്നും ഇഖ്ബാല്‍ ഇബ്രാഹിം കസ്കര്‍ വ്യക്തമാക്കി.
