ഹൈദരാബാദ്: സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനം സഹിക്കവയ്യാതെ റേഡിയോ ജോക്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ ആര്‍മി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ റേഡിയോ ജോക്കിയായിരുന്നു സന്ധ്യ സിങി(28)ന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മേജര്‍ വൈഭവ് വിശാലിനേ(30)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സെക്കന്തരാബാദിലെ 54-ാം ഇന്‍ഫന്‍ട്രി ഡിവിഷനിലെ മേജറായിരുന്നു വിശാല്‍. സന്ധ്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആര്‍മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആരോഗ്യനില വീണ്ടടുത്തതിനെത്തുടര്‍ന്ന് ആര്‍മി വിഭാഗം തന്നെയാണ് ഇയാളെ പൊലീസില്‍ ഏല്‍പിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞമാസമാണ് സന്ധ്യ സിങ് ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. വീട്ടിനില്‍ സന്ധ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വൈഭവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിക്കൊണ്ടുള്ള കേസാണ് പൊലീസ് ആദ്യം ചുമത്തിയത്.

തുടര്‍ന്ന് സന്ധ്യയുടെ കുടുംബത്തിന്‍റെ പരാതിയില്‍ സ്ത്രീധനപീഡനത്തിനും വൈഭവിനെതിരെ കേസെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളാണ് വൈഭവും സന്ധ്യയും. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവഹം.