കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഭൂമി തട്ടിപ്പിനെക്കുറിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിതല അന്വേഷണം തുടങ്ങി. ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ തന്നെ കെ പി സി സി പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പദ്ധതി ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അരിവാള്‍ രോഗം പിടിപെട്ട് നടക്കാന്‍പോലും സാധിക്കാതെ കിടപ്പിലായ ആള്‍ക്ക് ചെങ്കുത്തായ ഭൂമി അനുവദിച്ച് നല്‍കിയതും വിവാദമായിരുന്നു. ഇതിന് പിന്നില്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞിരുന്നു. അതേസമയം അന്വേഷണം നടക്കട്ടെയെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.