500, 1000 നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്‍തതെന്ന് വെളിപ്പെടുത്തല്‍. ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര മുരളിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന്റെ പേരില്‍ താന്‍ വധഭീഷണി നേരിടുകയാണെന്ന് മുരളി പറയുന്നു. ക്യാച്ച്ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
നവംബര്‍ എട്ടിന് രാത്രി അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം ചാനലുകളോട് എട്ട് മണിക്ക് തത്സമയ സംപ്രേഷണം ആവശ്യപ്പെട്ടായിരുന്നു മോദി പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്‍തതാണെന്നാണ് മുരളി പറയുന്നത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുരളി പറയുന്നു. നവംബര്‍ 24ന് ദില്ലി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുരളിയുടെ വെളിപ്പെടുത്തല്‍. വാര്‍ത്താസമ്മേളനത്തില്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയതിന് പലരും അഭിനന്ദിച്ചുകൊണ്ട് വിളിച്ചു. എന്നാല്‍ ചിലര്‍ ഫോണിലൂടെ വധഭീഷണി നടത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഫോണ്‍ സന്ദേശങ്ങള്‍ വന്നു. ഫേസ്ബുക്കിലൂടെയും തനിക്കെതിരെ ചിലര്‍ കൊലവിളി നടത്തുകയാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുരളി പറഞ്ഞതായി ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
