ദില്ലി: ദൂരദർശൻ എന്ന പേര് കേൾക്കുമ്പോൾ ഏറെപ്പേർക്കും ആദ്യം ഓർമ വരിക ചാനലിന്‍റെ ലോഗോയാണ്. എന്നാൽ, ജനങ്ങളെ അത്രമേൽ സ്വാധീനിച്ച ആ ലോഗോ ഇനി അധികനാൾ ഉണ്ടാകില്ലെന്നാണ് സൂചന. ലോഗോയിൽ മാറ്റങ്ങൾ വരുത്താൻ പ്രസാർഭാരതി തീരുമാനിച്ചുകഴിഞ്ഞു. 1959 മുതൽ ഉപയോഗിക്കുന്ന, കണ്ണിന്‍റെ മാതൃകയിലുള്ള ലോഗോയാണ് വിസ്മൃതിയിലാകുന്നത്.

യുവജനങ്ങളെ ലക്ഷ്യമിട്ട് ദൂരദർശൻ ചാനലുകളുടെ ഉള്ളടക്കത്തിലടക്കം മാറ്റങ്ങൾ വരുത്താൻ പ്രസാർ ഭാരതി തീരുമാനിച്ചിരുന്നു. രാജ്യത്ത് ചാനലുകളുടെ എണ്ണം വർധിക്കുകയും ദൂരദർശൻ ചാനലുകളുടെ കാഴ്ചക്കാർ കുറയുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി വെംപതിയാണ് ലോഗോ മാറ്റം ഉടനുണ്ടാകുമെന്ന് അറിയിച്ചത്.

30 വയസിന് താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗോയോട് ഗൃഹാതുരത്വമോ, അടുപ്പമോ ഇല്ലെന്നും പുതിയ ലോഗോ വർത്തമാനകാല തലമുറയെക്കൂടി ഉദ്ദേശിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറ്റത്തിന്‍റെ ഭാഗമായി മികച്ച ലോഗോകള്‍ ജനങ്ങളില്‍ നിന്ന് ക്ഷണിച്ചിരിക്കുകയാണ് പ്രസാർ ഭാരതി. ഓഗസ്റ്റ് 13നാണ് ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം.