പ്രളയകെടുതിയിൽ പത്തനംതിട്ട നഗരത്തിൽ ശവകല്ലറ പൊളിഞ്ഞ് ശവശരീരങ്ങൾ വെള്ളത്തിൽ വീണു. കല്ലറ അനുമതി ഇല്ലാതെയാണ് നിർമ്മിച്ചതെന്നാരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.
പത്തനംതിട്ട: പ്രളയകെടുതിയിൽ പത്തനംതിട്ട നഗരത്തിൽ ശവകല്ലറ പൊളിഞ്ഞ് ശവശരീരങ്ങൾ വെള്ളത്തിൽ വീണു. കല്ലറ അനുമതി ഇല്ലാതെയാണ് നിർമ്മിച്ചതെന്നാരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.
സ്റ്റേഡിയത്തിന് സമീപത്തെ ചർച്ച് ഓഫ് ഗോഡ് പള്ളി ശവകല്ലറയാണ് തകർന്ന് വീണത്. 16 പേരെ അടക്കം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കല്ലറ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പെട്ടിയിൽ അടക്കം ചെയ്ത ശവശരീരങ്ങൾ വെള്ളത്തിൽ ഒഴുകുകയാണ്.
ശവശരീരങ്ങൾ വെള്ളത്തിൽ കണ്ടതോടെ നാട്ടുകാർ കൂടി. അനധികൃതമായാണ് ശവകല്ലറ ഇവിടെ നിർമ്മിച്ചതെന്നാരോപിച്ച് നഗരസഭാ കൗൺസിലർമാരുൾപ്പെടെ രംഗത്തെത്തി. ശവശരീരങ്ങൾ അഴുകി കുടിവെള്ള ശ്രോതസുകളെ മലിനമാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
എന്നാൽ എല്ലാ അനുമതിയോടും കൂടിയാണ് കല്ലറ നിർമ്മിച്ചതെന്ന് ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ പറഞ്ഞു. മഴ മാറിയാൽ കല്ലറ പുതുക്കി നിർമ്മിക്കുമെന്നാണ് പള്ളി ഭാരവാഹികളുടെ വിശദീകരണം.
