രാവിലെ എട്ടേകാലോട് കൂടിയാണ് ട്രെയിന്‍ കൊണ്ടാപുരത്തെത്തിയത്. ഒരു ബോഗിക്ക് പുറത്ത് എന്തോ തൂങ്ങിക്കിടക്കുന്നത് കണ്ട റെയില്‍വേ ഉദ്യോഗസ്ഥന്‍ അടുത്തുചെന്ന് നോക്കിയപ്പോഴാണ് മൃതദേഹമാണെന്ന് മനസ്സിലായത്. കാലുകളറ്റ നിലയിലായിരുന്നു മൃതദേഹം
കുര്‍ണൂല്‍: മുംബൈ- ചെന്നൈ എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയില്‍ കെട്ടിയിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. കടപ്പ ജില്ലയിലെ കൊണ്ടാപുരം സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ബോഗിയില്‍ കെട്ടിവച്ച മൃതദേഹം കണ്ടെത്തിയത്. താഡിപത്രി സ്വദേശിയായ 22കാരനായ യുവാവാണ് മരിച്ചതെന്ന് കണ്ടെത്തി.
രാവിലെ എട്ടേകാലോട് കൂടിയാണ് ട്രെയിന്‍ കൊണ്ടാപുരത്തെത്തിയത്. ഒരു ബോഗിക്ക് പുറത്ത് എന്തോ തൂങ്ങിക്കിടക്കുന്നത് കണ്ട റെയില്‍വേ ഉദ്യോഗസ്ഥന്‍ അടുത്തുചെന്ന് നോക്കിയപ്പോഴാണ് മൃതദേഹമാണെന്ന് മനസ്സിലായത്. കാലുകളറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവം അറിയിച്ചയുടന്‍ തന്നെ പൊലീസ് കൊണ്ടപുരം സ്റ്റേഷനിലെത്തി. ഏതാണ്ട് 50 കിലോമീറ്ററോളം മൃതദേഹവുമായി വണ്ടി ഓടിയെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടയില്‍ വണ്ടിക്കടിയില്‍ പെട്ട് കാലുകളറ്റതാകാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മരിച്ച യുവാവിന്റെ മാനസികനില ശരിയല്ലെന്നും ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്നും ചിലര്‍ ആരോപിച്ചു.
ശരീരം ബോഗിയോട് കെട്ടിവച്ച നിലയിലായതിനാല്‍ കൊലപാതകമെന്ന് സംശയമുണ്ടെങ്കിലും ആത്മഹത്യക്കുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. മൃതദേഹം ട്രെയിനില്‍ നിന്ന് നീക്കിയ ശേഷം മറ്റ് നടപടികള്‍ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
