കൊച്ചി: എറണാകുളത്ത് വീപ്പയ്ക്കുള്ളില് നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഒന്നര വർഷം മുന്പ് കാണാതായ സ്ത്രീയുടേതാണോ എന്ന് ഡിഎൻഎ പരിശോധനാഫലത്തിലൂടെയേ വ്യക്തമാകൂ എന്ന് പൊലീസ്. ഇതിനിടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിന് പിറ്റേന്ന് ശകുന്തളയുടെ അടുത്ത ബന്ധുവിന്‍റെ സുഹൃത്ത് മരിച്ച സംഭവവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

കുന്പളത്ത് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം പുത്തന്‍ കുരിശില്‍ നിന്നും കാണാതായ ശകുന്തളയുടേതാണെന്ന സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന് സാന്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലത്തിനായി കാക്കുകയാണ് പൊലീസ്. ഒന്നരവര്‍ഷം മുന്പാണ് ശകുന്തളയെ കാണാതായത്. ശകുന്തളയുടെ കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വീപ്പയ്ക്കുള്ളില് നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണങ്കാലിലും ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇതാണ് സംശയത്തിന് കാരണം. എന്നാൽ വീപ്പയിൽ നിന്നും ലഭിച്ച മുടി പരിശോധിച്ച ഫോറന്‍സിക് വിഭാഗം പറയുന്നത് മുപ്പതിനടുത്ത് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമെന്നാണ്. കാണാതായ ശകുന്തളയ്ക്ക് അറുപതിനടുത്താണ് പ്രായം. ശകുന്തള ദില്ലിയിലുണ്ടാകാമെന്ന് ബന്ധുക്കളില്‍ ചിലരുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. ഈ വഴിക്കും എറണാകുളം സൗത്ത് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം ശകുന്തളയുടെ അടുത്ത ബന്ധുവിന്‍റെ സുഹൃത്ത് മരിച്ച സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് വിവരം. ഇതിനെല്ലാം പുറമെ മറ്റ് ചില സ്ത്രീകളെ കാണാതായ സംഭവങ്ങളും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് എറണാകുളം പനങ്ങാട് വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.