സൗത്ത് ബീച്ചില്‍ രണ്ട് മരണങ്ങള്‍ രണ്ടാം ദിവസവും ദുരൂഹ മരണം ലഹരിമരുന്ന് മാഫിയയുടെ താവളമെന്ന് ആരോപണം
കോഴിക്കോട്: തുടര്ച്ചയായി രണ്ടാം ദിവസവും കോഴിക്കോട് സൗത്ത് ബീച്ചില് ദുരൂഹ സാചര്യത്തില് മൃതദേഹം കണ്ടെത്തി. പാലാഴി സ്വദേശിയെയാണ് ഇന്ന് മരിച്ച നിലയില് കണ്ടെത്തിയത്. പാലാഴി സ്വദേശി മേലേകോട്ടപ്പുറത്ത് രമേശന്റെ മൃതദേഹമാണ് ചൊവ്വാഴ്ച കോഴിക്കോട് സൗത്ത് ബീച്ചില് കണ്ടെത്തിയത്. ശ്വാസകോശത്തില് വെള്ളംകയറിയാണ് മരണമെന്നാണ് പോലീസ് പറയുന്നത്. അതേസമയം വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
തിങ്കളാഴ്ചയും സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. കൊമ്മേരി സ്വദേശി മുജീബ് തണ്ണിക്കുടത്തിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. പഴയപാസ്പോര്ട്ട് ഓഫീസിന് സമീപത്തെ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിനുള്ളിലായിരുന്നു മൃതദേഹം.
ലഹരി ഉപയോഗിക്കുന്ന ആളായിരുന്നു മുജീബെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരി ഉപയോഗിക്കാന് ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തു വില്പ്പനയുമായി ബന്ധപ്പെട്ട് ഇയാള്ക്കെതിരെ പോലീസ് കേസ് നിലവിലുണ്ട്.
രണ്ട് മാസങ്ങള്ക്ക് മുമ്പ് കോഴിക്കോട് സൗത്ത് ബീച്ചില് കുറ്റിച്ചിറ പള്ളിക്കണ്ടി സ്വദേശി അബ്ദുല് അസീസിനെയും മരിച്ച നിലയില് കണ്ടെത്തിയിരുന്നു. നിരവധി ലഹരിമരുന്ന് കേസുകളില് പ്രതിയായ ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊല ചെയ്യാന് ഉപോഗിച്ചതെന്ന് കരുതുന്ന കരിങ്കല്ല് മൃതദേഹത്തിന്റെ അടുത്ത് നിന്ന് അന്ന് കണ്ടെടുത്തിരുന്നു.
സൗത്ത് ബീച്ച് റോഡിന് ഇരുവശവും നിർത്തിയിടുന്ന ലോറികളുടെ മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രദേശവാസികള് ആരോപിക്കുന്നു. ഇവിടം മയക്കു മരുന്ന് മാഫിയയുടെ താവളമാണെന്നും ആരോപണമുണ്ട്.
