കാസർകോട്: കാസര്‍കോട് സീതാംഗോളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുത്തിഗെ എ കെ ജി നഗറിലെ ആയിഷയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മതപാഠശാലയിൽ താമസിച്ച് പഠിക്കുന്ന ഏകമകൻ മുഹമ്മദ് ബാസിത് രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ആയിഷയുടെ മരണവിവരം പുറംലോകം അറിയുന്നത്. ഒരാഴ്ച മുമ്പ് വന്നപ്പോഴായിരുന്നു മകൻ അവസാനമായി ഉമ്മയെ കണ്ടത്.
വീട്ടിലെത്തിയ ബാസിത് ഉമ്മയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ജനൽച്ചില്ല് തകർത്ത് നടത്തിയ പരിശോധനയിൽ ആയിഷയുടെ മൃതദേഹം കണ്ടെത്തി. ജീർണിച്ച് തുടങ്ങിയ മൃതദേഹം മുറിയിലെ തറയിൽ കിടക്കുന്ന നിലയിലായിരുന്നു.
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ആയിഷയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്ത് കണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. എവിടെയെങ്കിലും ജോലിക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ ആരും അന്വേഷിച്ചില്ല. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
