ബംഗലൂരു: സംസ്‌കാരത്തിനു കൊണ്ടുപോകുന്ന വഴി മൃതദേഹം എഴുന്നേറ്റു. കര്‍ണാടകയിലെ കുബള്ളിയിലാണ് സംഭവം. കുമാര്‍ മാരിവാദാണ് സംസ്‌കാരത്തിന് തൊട്ട് മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 17 കാരനായ കുമാര്‍ മാരിവാദ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥീരീകരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതെന്ന് ഉദയവാണി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് കുമാറിന്റെ കൈകാലുകള്‍ അനങ്ങുന്നതും ശ്വസോച്ഛാസമെടുക്കുന്നതും ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ അടുത്തു തന്നെ ബന്ധുക്കള്‍ കുമാറിനെ എത്തിച്ചു. കുമാറിന്റെ സ്ഥിതി സ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
ഒരുമാസം മുമ്പ് തെരുവു നായയുടെ കടിയേറ്റ് കുമാര്‍ മാരിവാദിനെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയതിരുന്നു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് കുമാറിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ ശരീരത്തെ ഗുരുതരമായി ബാധിച്ചപ്പോഴാണ് വീട്ടുകാരുടെ സമ്മതത്തോടെ ഡോക്ടര്‍മാര്‍ കുമാറിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.
മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുമാറിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടുകളും ചെയ്തു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയൊന്നും കുമാറിന് അനക്കമില്ലായിരുന്നു എന്ന് ബന്ധു ശരണപ്പ നായിക്കാര്‍ പറഞ്ഞു. കര്‍ണാടകയില്‍ നിര്‍മാണതൊഴിലാളിയായി ജോലി നോക്കുകയാണ് കുമാര്‍.
