മയ്യഴി പാറക്കല്‍ സ്വദേശിയായ ദേവാനന്ദും കുടുംബവും പുതുച്ചേരിയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു.
മയ്യഴി: പ്രളയത്തിനിടെ കാണാതായ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മൃതദേഹം കണ്ടെത്തി. പുതുച്ചേരി ഹെഡ് കോണ്‍സ്റ്റബിള്‍ ദേവാനന്ദിന്‍റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. പാലക്കാട് കല്‍പ്പാത്തി പുഴയിലേക്ക് വന്നുചേരുന്ന തോട്ടിലാണ് ജഡം കണ്ടെത്തിയത്.
മയ്യഴി പാറക്കല്‍ സ്വദേശിയായ ദേവാനന്ദും കുടുംബവും പുതുച്ചേരിയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു. 16നായിരുന്നു യാത്ര. ഭാര്യയും കുട്ടികളും ഒപ്പമുണ്ടായിരുന്നു. പ്രളയം കാരണം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ സേലത്തുവച്ച് ട്രെയിന്‍ യാത്ര അവസാനിപ്പിച്ചു. പിന്നീട് ബസ്സില്‍ ഇവര്‍ പാലക്കാട്ടെത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ കുടുംബത്തെ നിര്‍ത്തി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പോയ ദേവാനന്ദിനെ കാണാതാവുകയായിരുന്നു. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്ന് ലഭിച്ച പൊലീസ് ഐഡി കാര്‍ഡാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് പാലക്കാട് നോര്‍ത്ത് സിഐ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
