മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് കൊലപാതകവും നടന്നത് മരിച്ചവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിനിയും ഒരാള്‍ വൃദ്ധയുമാണ്

ഗുവാഹത്തി: രണ്ട് ട്രെയിനുകളുടെ ടോയ്‌ലറ്റുകളിലായി സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ജോര്‍ഹട്ടിലുള്ള കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. 

സിബ്‌സാര്‍ ജില്ലയിലെ സിമല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണി കൊണ്ട് കെട്ടി, മൂക്കില്‍ നിന്ന് രക്തമൊലിച്ച രീതിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ട്രെയിന്‍ ടോയ്‌ലറ്റില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് ജോര്‍ഹട്ടിലെ മരിയാനി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ ടോയ്‌ലറ്റില്‍ നിന്ന് രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 60കാരിയായ വൃദ്ധയുടെ മൃതദേഹവും സമാനമായ രീതിയില്‍ കഴുത്തില്‍ തുണി ചുറ്റി, മൂക്കില്‍ നിന്ന് രക്തമൊലിച്ച അവസ്ഥയിലാണ് കണ്ടെത്തിയത്. 

രണ്ട് കൊലപാതകങ്ങളും സമാന സാഹചര്യത്തില്‍ നടന്നതാണെന്ന നിഗമനത്തിലെത്തിയതോടെ എ.ഡി.ജി.പി ആര്‍.പി മീനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

രണ്ട് കൊലപാതകങ്ങളുടെയും വാര്‍ത്ത വന്നതോടെ അസമില്‍ നേരിയ തോതില്‍ ആശങ്ക പടര്‍ന്നിട്ടുണ്ട്. എന്നാല്‍ മരിച്ച സ്ത്രീകളുടെ വിവരമുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട ഒരു വിശദാംശങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.