പത്തനാപുരത്ത് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ അസ്ഥികള്‍ കണ്ടെത്തി. മനുഷ്യന്റെ അസ്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കുടുതല്‍ വിശദാംശങ്ങള്‍ മനസിലാക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു
പത്താനാപുരം ജനത ജംഗ്ഷന് സമീപത്തുള്ള കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങള്‍ വിജനമായി കിടക്കുകയാണ്. ഗോഡൗണിലെ തൊഴിലാളികളാണ് അസ്ഥികള്‍ ആദ്യം കണ്ടത്. തലയോട്ടിയും കുറച്ച് എല്ലുകളും മാത്രമാണ് അല്‍പമെങ്കിലും തിരിച്ചറിയാനാകുന്ന അവസ്ഥയിലുള്ളത്. മറ്റ് ഭാഗങ്ങളെല്ലാം കത്തിച്ചാമ്പലായി. മനുഷ്യ അസ്ഥികള്‍ ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഫോറന്‍സിക് പരിശോധനക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
അസ്ഥികളുടെ പഴക്കം നിര്‍ണയിക്കാനും വിദഗ്ധ പരിശോധനയിലൂടെ സാധിക്കും. ഏതാനും അസ്ഥികഷ്ണങ്ങളില്‍ മണ്ണിന്റെ അംശവുമുണ്ട്. കത്തിയ വിറകിന്റെ അവശിഷ്ടങ്ങളും സമീപത്ത് നിന്ന് കണ്ടെത്തി. കെട്ടിടത്തിന് സമീപത്തായി പള്ളി സെമിത്തേരിയുണ്ട്. പ്രദേശത്ത് നിന്ന് കഴിഞ്ഞ കുറച്ച വര്‍ഷങ്ങള്‍ക്കിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
