കേപ് ടൗണ്‍: മരണം പലപ്പോഴും അവിശ്വസനീയമാണ്. മരിച്ചെന്ന് വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ചിലര്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍നിന്ന് വിടപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച മറ്റൊരു വാര്‍ത്തയാണ് സൗത്താഫ്രിക്കയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 ദിവസം മുമ്പ് മരിച്ച ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. സൗത്ത് ആഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലാണ് സംഭവം.
പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് 33 കാരിയായ നോംവെലിസോ നൊമസാന്റോ ഡോയി എന്ന യുവതി മരിച്ചിരുന്നു. മരണത്തെ തുടര്‍ന്ന് മൃതശരീരം കുടുംബത്തിന് വിട്ട് നല്‍കി. എന്നാല്‍ 10 ദിവസത്തിന് ശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബം പുറത്തെടുത്തത്.
സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് യുവതിയുടെ കാലിനിടയിലൂടെ കുഞ്ഞ് പുറത്തുവന്നത്. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. മരിച്ചതിന് ശേഷം പ്രസവം നടക്കുന്നത് തന്റെ 20 വര്‍ഷത്തെ അനുഭവത്തില്‍ എങ്ങുമില്ലെന്ന് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ 76 കാരിയായ ഫുണ്ടിലെ മകലാന പറഞ്ഞു.
കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പോലും നോക്കാനായില്ലെന്നും അവര്‍ പറഞ്ഞു.
മറ്റ് ചടങ്ങുകള്‍ക്കൊന്നും നില്‍ക്കാതെ കുഞ്ഞിനെയും അമ്മയുടെ ശവപ്പെട്ടിയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
