മസൗറിയിലെ ബ്രാന്‍സണിലെ ടേബിള്‍ റോക്ക് തടാകത്തില്‍ വച്ചായിരുന്നു അപകടം റൈഡ് ദ ഡക്ക്സ് ബ്രാന്‍സണ്‍ എന്ന ഉല്ലാസ നൗകയാണ് അപകടത്തില്‍ പെട്ടത്

മിസൗറി: വിവാഹ വാര്‍ഷികാഘോഷത്തിനിടയില്‍ കൊടുങ്കാറ്റില്‍പെട്ട് ഉല്ലാസ നൗക മുങ്ങി ഒരേ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. മസൗറിയിലെ ബ്രാന്‍സണിലെ ടേബിള്‍ റോക്ക് തടാകത്തില്‍ വച്ചായിരുന്നു അപകടം. ബ്രാന്‍സണ്‍ സ്വദേശി കോള്‍മാന്‍ എന്നയാളുടെ നാല്‍പ്പത്തഞ്ചാം വിവാഹ വാര്‍ഷികം ഉല്ലാസ നൗകയില്‍ പുരോഗമിക്കുന്നതിനിടെയാണ് ദുരന്തം കാറ്റിന്റെ രൂപത്തിലെത്തിയത്. 

റൈഡ് ദ ഡക്ക്സ് ബ്രാന്‍സണ്‍ എന്ന ഉല്ലാസ നൗകയാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നാല്‍പത് അടി ആഴത്തിലേക്കാണ് ഉല്ലാസ നൗക മുങ്ങിയത്. പതിനേഴ് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില‍ മരിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

ആവശ്യത്തിന് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്ന ഉല്ലാസ നൗകയിലെ അപകടത്തില്‍ മരണ സംഖ്യ വര്‍ദ്ധിച്ചതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ജാക്കറ്റ് ഇടേണ്ട ആവശ്യമില്ലെന്ന ക്യാപ്റ്റന്റെ നിര്‍ദേശം പിന്തുടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് അപകടത്തില്‍ രക്ഷപെട്ടവര്‍ പ്രതികരിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് കണ്ടെടുക്കാന്‍ സാധിച്ചത്. കൊടുങ്കാറ്റിനുള്ള നിര്‍ദേശം കപ്പലിലെ ക്യാപറ്റന് നേരത്തെ നല്‍കിയിരുന്നതായി കാലാവസ്ഥാ വിദ്ഗ്ധര്‍ വിശദമാക്കുന്നു.