Asianet News MalayalamAsianet News Malayalam

ദേശീയഗാനം: ചലച്ചിത്ര മേളയില്‍ നടക്കുന്നത്  രാജ്യദ്രോഹം-ഡീന്‍ കുര്യാക്കോസ്

Dean Kuriakose on National anthem controversy
Author
Thiruvananthapuram, First Published Dec 12, 2016, 5:39 AM IST

ദേശീയ ഗാനത്തെ ആദരിക്കുവാന്‍ കോടതിയുടെ നിര്‍ദ്ദേശം വേണമെന്നില്ല.എന്നാല്‍ കോടതി അപ്രകാരം അഭിപ്രായപ്പെട്ടു എന്നത് കൊണ്ട് മന:പൂര്‍വ്വം അനാദരവ് പ്രകടിപ്പിച്ചേ അടങ്ങൂ എന്നത് മനോനില തെറ്റിയ മനുഷ്യരുടെ വികാരപ്രകടനമാണ്. ആള്‍കൂട്ടത്തിനടയില്‍ നഗ്‌നത പ്രകടിപ്പിച്ചായാലും ശ്രദ്ധ പിടിച്ചുപറ്റണമെന്ന മാനസിക അവസ്ഥയുടെ പ്രതിഫലനമാണ് രാജ്യാന്തര ചലച്ചിത്ര ഉത്സവവേദിയില്‍ കണ്ടത്. മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ മന:പൂര്‍വ്വം ദേശീയ ഗാനത്തെ അപമാനിക്കുന്നത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്-ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

ഇതാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ആദരിച്ചില്ലെങ്കിലും അവഹേളിക്കരുത്.

ദേശീയ ഗാനവും, പതാകയും നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. എവിടെ നിന്നായാലും ദേശീയ ഗാനത്തിന്റെ ഈരടികള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ തുളുമ്പുന്ന വിവരണാതീതമായ ദേശ ഭക്തിയെ എപ്പോഴും തിരിച്ചറിയുന്നവരാണ് നാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉത്ഘാടന ദിവസം ടാഗോര്‍ തീയറ്ററില്‍ സിനിമ കാണാനുള്ള അവസരമുണ്ടായി. സിനിമ തുടങ്ങുന്നതിനു മുന്നോടിയായി ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കുറച്ചാളുകള്‍ തികഞ്ഞ അനാദരവ് പ്രകടിപ്പിച്ച് ഒന്നും കൂസാതെ അവിടെ തന്നെ ഇരിക്കുകയാണ്, അവര്‍ക്കിതൊന്നും ബാധകമല്ല എന്ന തരത്തില്‍.

സുപ്രീം കോടതി വിധിയെ ജനാധിപത്യത്തിന്റെ സൗകര്യമുപയോഗപ്പെടുത്തി ആര്‍ക്കും വിമര്‍ശിക്കാം.പക്ഷെ അതിനു ശേഷവും ഒരു പൊതു സദസ്സില്‍ വച്ച് ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നത് രാജ്യ സ്‌നേഹമുള്ള ആര്‍ക്കും സഹിക്കാവുന്നതിനപ്പുറമാണ്.ഇന്ത്യയില്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.വിദ്യാഭ്യാസം വിവേകമതികളെ സൃഷ്ടിക്കുന്നുവെന്നാണ് ഏവരുടെയും ധാരണ.അക്ഷര സമ്പത്ത് അരാജകത്വത്തിന് വഴിമരുന്നാകരുത്. എന്തിനേയും എതിര്‍ക്കുക എന്നത് വിവേകശൂന്യതയാണ്. ദേശീയ ഗാനത്തെ ആദരിക്കുവാന്‍ കോടതിയുടെ നിര്‍ദ്ദേശം വേണമെന്നില്ല.എന്നാല്‍ കോടതി അപ്രകാരം അഭിപ്രായപ്പെട്ടു എന്നത് കൊണ്ട് മന:പൂര്‍വ്വം അനാദരവ് പ്രകടിപ്പിച്ചേ അടങ്ങൂ എന്നത് മനോനില തെറ്റിയ മനുഷ്യരുടെ വികാരപ്രകടനമാണ്. ആള്‍കൂട്ടത്തിനടയില്‍ നഗ്‌നത പ്രകടിപ്പിച്ചായാലും ശ്രദ്ധ പിടിച്ചുപറ്റണമെന്ന മാനസിക അവസ്ഥയുടെ പ്രതിഫലനമാണ് രാജ്യാന്തര ചലച്ചിത്ര ഉത്സവവേദിയില്‍ കണ്ടത്. മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ മന:പൂര്‍വ്വം ദേശീയ ഗാനത്തെ അവമാനിക്കുന്നത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്.

നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍ രാജ്യദ്രോഹത്തിന്റെ പ്രകടനവേദികളാകരുത്. കോടതികളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത് ദേശീയ ഗാനത്തെ അവമാനിച്ചുകൊണ്ടാകരുത്. ഇത്തരത്തില്‍ അവമാനിക്കുന്ന അരാജകവാദികളെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തിനാകമാനം തെറ്റായ സന്ദേശം പകരുന്ന പ്രവണതകള്‍, മുളയിലേ നുള്ളുക തന്നെ വേണം. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നത് ആദരവിന്റെ സൂചനയാണ്., ആചാരമാണ് ,അത് ലംഘിക്കപ്പെടരുത്.സംഘടിതമായി ലംഘിക്കപ്പെടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയുമരുത്. തിരക്കേറിയ റോഡുകളിലെ ട്രാഫിക് ലൈറ്റുകള്‍ പോലെ, നിയമ വ്യവസ്ഥിതി അംഗീകരിക്കപ്പെടണം.

Follow Us:
Download App:
  • android
  • ios