കോട്ടയം: പൊൻകുന്നത്തിന് സമീപം ഇളങ്ങുളത്ത് യുവാവിനെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇഞ്ചിയാനി സ്വദേശി ജിബിൻ ഫിലിപ്പിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇളങ്ങുളം പുല്ലാട്ട്കുന്നേൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൈവശമുണ്ടായിരുന്ന ബാഗ് ശരീരത്തോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സും, പൊൻകുന്നം പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഇന്ന് രാവിലെയാണ് ഇരുപതടിയോളം ആഴമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലോ പുലർച്ചയോ ആവാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. യുവാവ് എങ്ങനെയാണ് ഇവിടെ എത്തിയതെന്നടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.
