ന്യൂ‍ഡല്‍ഹി: മുസ്ലീംലീഗ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ആർഎംഎൽ ആശുപത്രിയിൽ നാടകീയസംഭവങ്ങളാണ് ചൊവ്വാഴ്ച രാത്രിയില്‍ അരങ്ങേറിയത്. ഇ അഹമ്മദിന് കാണാൻ മക്കളെ അനുവദിക്കാത്തത് തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇ അഹമ്മദിനോട് ആശുപത്രി അധികൃതർ അനാദരവ് കാട്ടിയെന്നാരോപിച്ച് മക്കൾ പൊലീസിൽ പരാതി നൽകി.

ചൊവ്വാഴ്ച ഉച്ചക്ക് ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ഇ അഹമ്മദിന് ഉടൻ തന്നെ ട്രോമകെയറിലേക്ക് മാറ്റി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരെയും കാണാൻ അനുവദിച്ചില്ല. രാത്രിയോടെ വിദേശത്തായിരുന്ന മക്കൾ ആശുപത്രിയിലെത്തിയപ്പോഴും കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ബന്ധുക്കൾ ബഹളമുണ്ടാക്കി.

ഇതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉപാധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയവർ എത്തി. ഇവരെയും അകത്ത് കയറാൻ അനുവദിക്കാത്തതോടെ പ്രതിഷേധം ശക്തമായി. തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്താമെന്ന ഉറപ്പിനെ തുടർന്ന് സോണിയയും രാഹുലും മടങ്ങി. എന്നാൽ പുലർച്ചെ രണ്ട് മണിയായിട്ടും ഡോക്ടർമാരെത്താത്തതിനെ തുടർന്ന് എംപിമാരും ബന്ധുക്കളും വീണ്ടും ബഹളം നടത്തി. തുടർന്ന് മക്കളെ മാത്രം അത്യാഹിതവിഭാഗത്തിൽ കയറാൻ അനുവദിച്ചു. പ്രമുഖ നെഫ്രോളജിസ്റ്റ് കൂടിയായ മരുമകൻ മരണം സ്ഥിരീകരിച്ചു. ആർഎംഎൽ ആശുപത്രിയിലെ പെരുമാറ്റത്തിനെതിരെ മക്കൾ പൊലീസിൽ പരാതി നൽകി.