ജസീമിന്റെ മരണം; സഹപാഠിയെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് രക്ഷിതാക്കള്‍

First Published 8, Mar 2018, 8:44 PM IST
Death of Jessem The parents  does not allow classmate to write the exam
Highlights
  • സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്‌ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ സംരക്ഷണം നല്‍കുകയും ചെയ്തു.

കാസര്‍കോട്: ഉദുമ മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജസീമിന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സഹപാഠികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്‌ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ സംരക്ഷണം നല്‍കുകയും ചെയ്തു.

സുഹൃത്തിന്റെ കൂടെ കാണാതായ ജാസീമിനെ പിന്നീട് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. മരണം ട്രയിന്‍ ഇടിച്ചാണെന്ന് പോലീസ് സ്ഥിതീകരിച്ചു. എന്നാല്‍ കഞ്ചാവ് മാഫിയ മകനെ കൊല്ലുകയായിരുന്നെന്ന് ജസീമിന്റെ പിതാവ് ആരോപിച്ചിരുന്നു. മരണത്തിന് മുമ്പ് ജാസിമിന്റെ കൂടെയുണ്ടായിരുന്ന സഹപാഠിയെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് കേസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

ജസീമിന്റെ സഹപാഠിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പോലീസ് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് നല്‍കിയതിനും കഞ്ചാവ് കൈവശം വെച്ചതിനും മറ്റുമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമുളള വകുപ്പുകളനുസരിച്ച് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ജസീമിനൊപ്പമുണ്ടായിരുന്ന സഹപാഠി എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തടഞ്ഞത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് നൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് കുട്ടിയെ തടഞ്ഞത്. വിദ്യാര്‍ത്ഥിക്ക് മറ്റൊരു പരീക്ഷാ കേന്ദ്രം നല്‍കണമെന്നും ഇവിടെ പരീക്ഷയെഴുതാന്‍ സമ്മതിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തി. പിന്നീട് പരീക്ഷ കഴിയുന്നത് വരെ കുട്ടിക്ക് പോലീസ് സംരക്ഷണം നല്‍കി. പരീക്ഷ തുടങ്ങിയ ബുധനാഴ്ച ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെയും മറ്റും സംരക്ഷണത്തോടെയായിരുന്നു കുട്ടി പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയത്. വ്യാഴാഴ്ച കൂടുതല്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെ പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു.
 

loader