ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്. 

ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്ന് സഹപാഠികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പട്ടികയില്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിക്കാത്ത കാര്യങ്ങളാണ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ മേല്‍ അടിച്ചേല്‍പിപ്പിച്ചിരുന്നത്. സ്പോര്‍ട്ട്സ് ഫോറം എന്ന പേരില്‍ കൊണ്ടുവന്ന പുതിയ ഇനമാണ് തമിഴ്നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജിന്‍റെ ജീവന്‍ കവര്‍ന്നത്. ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധപ്പൂര്‍വ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ ഉത്തരവ്. 

ഇതനുസരിച്ച് ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ കളിക്കാനാണ് അധികൃതര്‍ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി മഹിമ ജയരാജിനോട് ആവശ്യപ്പെട്ടത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല. രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞ പെണ്‍കുട്ടി കോര്‍ട്ടില്‍ തന്നെ വീണ് മരിച്ചു. എല്ലാ വിദ്യാര്‍ത്ഥികളോടും അധികൃതരുടെ സമീപനം സമാന രീതിയില്ലെന്നും ആര്‍ത്തസമയത്ത് പോലും പെണ്‍കുട്ടികള്‍ക്ക് ഇളവുകള്‍ നല്‍കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. കോളേജ് അധികൃതരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരിലെ നടപ്പാക്കിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.