തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന നിരാഹാരസമരത്തിന് നിര്‍ണായക വഴിത്തിരിവ്. 

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഈ കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍കാര്യമന്ത്രാലയത്തിനാണ് സംസ്ഥാനം വീണ്ടും കത്തു നല്‍കിയിരിക്കുന്നത്. 

പാറശ്ശാല പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ 2017- ജൂലൈയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുകളുടെ ബാഹുല്യവും ശ്രീജിവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നുവെന്ന് പിണറായി വിജയന്റെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം ഇപ്പോള്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.